തൃശൂർ: പത്മ അവാർഡ് വാങ്ങി തരാമോ എന്ന് സുരേഷ് ഗോപിയോട് താൻ അഭ്യർത്ഥിച്ചെന്ന് കലാമണ്ഡലം ഗോപി. അത് തന്നെ കൊണ്ട് കഴിയുന്നതല്ലെന്ന് സുരേഷ് ഗോപി മറുപടി പറഞ്ഞതായും അദ്ദേഹം പറഞ്ഞു. പരിചയക്കാരനായ ഡോക്ടറുടെ ഫോൺ വിളിയിലാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും പത്മഭൂഷൺ കിട്ടേണ്ടതല്ലേ എന്ന് ഡോക്ടർ ചോദിച്ചത് കേട്ടിട്ടാണ് മകൻ മാനസിക വിഷമത്തോടെ സംസാരിച്ചതെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.
ആ മാനസിക വിഷമത്തിലാണ് മകൻ രഘു ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. പിന്നീടത് വേണ്ടായിരുന്നു എന്നു താൻ പറഞ്ഞത് പ്രകാരമാണ് മകൻ പോസ്റ്റ് പിൻവലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഡോക്ടർ തൃശൂർ ജില്ലക്കാരനാണെന്നും പേരറിയില്ലെന്നും കഥകളി കാണാൻ വന്നുള്ള പരിചയമാണെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.
സുരേഷ് ഗോപി വിവാദം അനാവശ്യമായിരുന്നു. സുരേഷ് ഗോപിക്ക് തന്നെ വിളിച്ച് കാര്യങ്ങൾ ചോദിക്കാമായിരുന്നു. വിളിക്കുമെന്ന് പ്രതീക്ഷിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റുള്ളവരുടെ വാക്ക് കേട്ട് സുരേഷ് ഗോപി പ്രതികരിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കലാമണ്ഡലം ഗോപിയെ വിളിക്കാൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരിച്ചിരുന്നത്. ഗോപിയാശാനെയും കാണാൻ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹം അനുവദിക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ മനസ്സിൽ സങ്കൽപിച്ച് അദ്ദേഹത്തിനുള്ള ഗുരുദക്ഷിണ ഗുരുക്കന്മാരുടെ ഗുരുവായ ഗുരുവായൂരപ്പനു മുൻപിൽ സമർപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

