തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് കണക്കുകൾ പ്രസിദ്ധീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. 2024 മാർച്ച് 18 വരെയുള്ള കണക്ക് പ്രകാരം 2,72,80,160 വോട്ടർമാരാണ് കേരളത്തിലുള്ളത്. അതിൽ 14095250 സ്ത്രീകളും 13184573 പുരുഷന്മാരുമാണ്. 370933 യുവ വോട്ടർമാരും 309 ഭിന്നലിംഗ വോട്ടർമാരും പട്ടികയിലുണ്ട്.
സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സഞ്ജയ് കൗൾ പറഞ്ഞു. സുതാര്യവും സുരക്ഷിതവുമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടെടുപ്പിനായി 25,177 തിരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളും അടക്കം ആകെ 25,358 ബൂത്തുകൾ ഉണ്ടാകും. എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശൗചാലയം, റാമ്പ്, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

