തിരുവനന്തപുരം: കെ. കരുണാകരന്റെ മകൾ പദ്മജയ്‌ക്ക് പിന്നാലെ ലീഡറുടെ വിശ്വസ്തൻ മഹേശ്വരൻ നായർ ബിജെപിയിൽ ചേർന്നു. കെപിസിസി എക്സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോർപറേഷനിലെ മുൻ പ്രതിപക്ഷ നേതാവുമായിരുന്നു മഹേശ്വരൻ നായർ.
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമെത്തിയാണ് മഹേശ്വരൻ നായർ തീരുമാനം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ലീഡറൊടൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും സ്ഥാനമാനങ്ങള്‍ തേടി പോവാത്തതിനാല്‍ കൈയ്പ്പേറിയ അനുഭവങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ലെന്നും മഹേശ്വരൻ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റം ഇടതുപക്ഷം പ്രചരണായുധമാക്കിയിരിക്കെ മഹേശ്വരന്റെ കൂറുമാറ്റം കോൺഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയാവും.
തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസും കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു.

