തിരുവനന്തപുരം: ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയുടെ പേരിൽ വ്യാജ ഫോട്ടോ നിർമിച്ച് പ്രചരിപ്പിച്ചതിന് കേസെടുത്തു പോലീസ്. ഇ പി ജയരാജന്റെ ഭാര്യയുടെ പരാതിയിലാണ് വളപട്ടണം പൊലീസ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനൊപ്പം പി.കെ. ഇന്ദിര നിൽക്കുന്ന ഫോട്ടോ വ്യാജമായി നിർമിച്ചതിനാണ് കേസ്. വ്യാജ ഫോട്ടോ നിർമിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തതെന്ന് വളപട്ടണം ഇൻസ്പെക്ടർ പറഞ്ഞു.
തന്റെ ഭാര്യയ്ക്ക് വൈദേകത്തിൽ ഓഹരിയുള്ളതിൽ എന്ത് തെറ്റാണ് ഉള്ളതെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിനൊപ്പം തന്റെ ഭാര്യയുടെ തല വെട്ടിചേർത്തു ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന വൃത്തികെട്ട രാഷ്ട്രീയമാണ് വി ഡി സതീശൻ നടത്തുന്നതെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി.
ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരക്കും മകൻ ജെയ്സണും ഓഹരിയുള്ള മൊറാഴയിലെ വൈദേകം ആയുർവേദ ചികിൽസ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ്സിന് നൽകിയതുമായുള്ള വിവാദം കത്തുന്നതിനിടെയിലാണ് ഫോട്ടോയെ ചൊല്ലിയുള്ള വിവാദവും മുറുകുന്നത്. ഫോട്ടോ പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്നാണ് ഇ.പി. ജയരാജൻ ആരോപിക്കുന്നത്.
Discussion about this post