പുതിയ ‘പ്യുവർ വെജ് ഫ്‌ളീറ്റ്’ അവതരിപ്പിച്ചതിന് പിന്നാലെ പുലിവാല് പിടിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. സസ്യാഹാരം ഡെലിവറി ചെയ്യുന്നവർ പച്ച ഡ്രസ്സ് കോഡ് ആയിരിക്കും ഇനിമുതൽ ഉപയോഗിക്കുക എന്നാണ് കമ്പനി ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ വ്യാപക വിമർശനമാണുണ്ടായത്. ഈ വേർതിരിവ് വിവേചനമാണെന്നും കുറ്റകരമാണെന്നും ആരോപിച്ച് സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേർ രംഗത്തുവന്നു. നിലവിൽ ചുവന്ന നിറത്തിലെ ഡ്രസ് കോഡാണ് സൊമാറ്റോയിൽ.
ഏതെങ്കിലും പ്രത്യേക ദിവസങ്ങളിലോ പ്രത്യേക സമയങ്ങളിലോ ചില സ്ഥലങ്ങളിൽ മാംസാഹാരം വിതരണം ചെയ്യുന്നത് ആരെങ്കിലും തടഞ്ഞേക്കുമെന്നുള്ള ആശങ്കയും വിമർശനങ്ങൾക്കൊപ്പമുണ്ടായി. കൂടാതെ സസ്യഭുക്കുകൾ കൂടുതലുള്ള അപ്പാർട്ട്മെന്റുകളിൽ ചുവപ്പ് യൂണിഫോം ധരിച്ചച്ചെത്തുന്ന ഡെലിവറി പങ്കാളികളുടെ പ്രവേശനം നിരോധിക്കുന്നതിനും ഇത് ഇടയാക്കിയേക്കും. ഇത്തരം പ്രശ്‌നങ്ങൾ മാംസാഹാരം ഓർഡർ ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയുമുണ്ട്.
ഇവയെല്ലാം കണക്കിലെടുത്ത് വെജ്, നോൺ വെജ് ഡെലിവറി ജീവനക്കാർക്ക് ഒരേ ഡ്രസ്സ് കോഡ് തന്നെ മതിയെന്നും ചുവപ്പ് തന്നെയാകും ഉപയോഗിക്കുക എന്നും സൊമാറ്റോ സി.ഇ.ഒ ദീപീന്ദർ ഗോയൽ അറിയിച്ചു. അതായത് വെജിറ്റേറിയൻ ഓർഡറുകൾ വിതരണം ചെയ്യുന്നത് തിരിച്ചറിയാൻ കഴിയില്ല എന്നർത്ഥം. പൂർണമായും വെജിറ്റേറിയൻ ഉപഭോക്താക്കളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചതിന് ശേഷമാണ് ‘പ്യുവർ വെജ് ഫ്‌ളീറ്റ്’ അവതരിപ്പിച്ചതെന്ന് സൊമാറ്റോ പറഞ്ഞു.
Discussion about this post