തൃശൂര്‍: കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആർഎൽവി രാമകൃഷ്ണന് ചേരുന്നതല്ലെന്നും. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ് എന്നും സത്യഭാമ അധിക്ഷേപിച്ചു. യൂട്യൂബ് ചാനൽ അഭിമുഖത്തിലായിരുന്നു ഈ വിവാദ പരാമർശം.
‘‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആൾക്കാർ. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാൽ അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ഒരു പുരുഷൻ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നയത്രേം അരോചകമായിട്ട് ഒന്നുമില്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം ഒക്കെ ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടു കഴിഞ്ഞാൽ പെറ്റ തള്ള പോലും സഹിക്കില്ല’’ സത്യഭാമ പറഞ്ഞു
ഇതിനെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപക പ്രതിഷേധമാണുയരുന്നത്. പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണുളളതെന്ന് ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു. പലവിധ അധിക്ഷേപങ്ങളെയും അതിജീവിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഡോ. ആര്‍എല്‍വി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
Discussion about this post