ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ കേന്ദ്രം സാമ്പത്തികമായി തകര്‍ക്കുന്നുവെന്ന് ദേശീയ നേതൃത്വം. പാര്‍ട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിനെതിരായ നടപടി ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍, ഞങ്ങള്‍ക്ക് ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ല ഞങ്ങള്‍ക്ക് പരസ്യങ്ങള്‍ ചെയ്യാനോ ഞങ്ങളുടെ നേതാക്കളെ എവിടെയും അയക്കാനും കഴിയുന്നില്ല. ഇത് ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ട് മാസം മുമ്പാണ് ഈ നടപടി. ഇതുമൂലം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിന് ഒരുമാസമാണ് നഷ്ടമായത്’, രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസിനെ കേന്ദ്രവും ബിജെപിയും സാമ്പത്തികമായി തകര്‍ക്കുകയാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പ്രചാരണത്തിനു പണമില്ലാത്ത അവസ്ഥയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിതമായ ശ്രമമാണ് നടക്കുന്നത്. ജനങ്ങളില്‍ നിന്നു സ്വീകരിച്ച പണം മരവിപ്പിച്ചു. ഞങ്ങളുടെ അക്കൗണ്ടുകളില്‍നിന്നുള്ള പണം നിര്‍ബന്ധമായി എടുത്തുമാറ്റി. ഒരു വശത്ത് ഇലക്ടറല്‍ ബോണ്ടിന്റെ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് വലിയ പ്രയോജനം ലഭിച്ചത് ബിജെപിക്കാണ്. മറുവശത്ത് പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയുടെ സാമ്പത്തികം തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. ഇതു കീഴ്‌നടപ്പില്ലാത്തതും ജനാധിപത്യവിരുദ്ധവുമാണെന്നും സോണിയ പറഞ്ഞു
Discussion about this post