കോഴിക്കോട്: സത്യഭാമയുടെ പരാമർശങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് തപസ്യ കലാ സാഹിത്യവേദി. കലയുടെയും സംസ്കാരത്തിൻ്റെയും ഉൽപ്പത്തിയെ സംബന്ധിച്ചും ആസ്വാദകരെ സംബന്ധിച്ചും യാതൊരു തിരിച്ചറിവും ഇല്ലാത്ത അത്യധികം മലീമസമായ മനസ്സിൽ നിന്നാണ് ഇത്തരം പ്രസ്ഥാവനകള്‍ വന്നിട്ടുള്ളതെന്ന് തപസ്യ കലാ സാഹിത്യവേദി സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ പി. ജി. ഹരിദാസ് പറഞ്ഞു. സത്യഭാമയുടെ ജല്പനങ്ങളെ വേർതിരിവുകളില്ലാത്ത ഇന്നത്തെ പരിഷ്കൃതസമൂഹം ആകമാനം തള്ളിപ്പറയുവാനും തിരുത്തിക്കുവാനും തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ ജൂനിയർ നടത്തിയ ജാതി അധിക്ഷേപം വലിയ വിവാദത്തിനിടയാക്കിയിരുന്നു. രാമകൃഷ്ണന് കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആർഎൽവി രാമകൃഷ്ണന് ചേരുന്നതല്ലെന്നും. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണെന്നുമാണ് സത്യഭാമ അധിക്ഷേപിച്ചത്. യൂട്യൂബ് ചാനൽ അഭിമുഖത്തിലായിരുന്നു ഈ വിവാദ പരാമർശം.
അതേ സമയം ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി നിരവധി പ്രമുഖരും രംഗത്തെത്തി. കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കുന്ന സമയം മുതല്‍ നിറത്തിത്തേയും കുലത്തെയും പറ്റിയുള്ള അധിക്ഷേപം നേരിട്ടിട്ടുണ്ടെന്ന് രാമകൃഷ്ണന്‍ പ്രതികരിച്ചു.
Discussion about this post