തിരുവനന്തപുരം: ജോലി തട്ടിപ്പിന് ഇരയായി റഷ്യൻ യുദ്ധഭൂമിയിലേക്ക് കടത്തപ്പെട്ടവരിൽ മൂന്ന് മലയാളികളും. ഒരാൾക്ക് ഗുരുതര പരിക്കേറ്റതായാണ് റിപ്പോർട്ട്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ, പ്രിന്‍സ് സെബാസ്റ്റ്യൻ, വിനീത് സില്‍വ എന്നിവരാണ് റഷ്യയില്‍ എത്തിയത്. യുക്രൈനെതിരായ യുദ്ധത്തില്‍ കൂലിപ്പടയാളികളാകാന്‍ ഇവർ നിര്‍ബന്ധിതരായെന്നാണ് ലദിക്കുന്ന വിവരം.
ഇതിൽ പ്രിന്‍സ് സെബാസ്റ്റ്യന് ഗുരുതരമായി പരിക്കേറ്റത്. പ്രിന്‍സിന് തലയ്ക്ക് വെടിയേറ്റതായാണ് റിപ്പോർട്ട്. വെടിയുണ്ട നീക്കം ചെയ്തിട്ടുണ്ട്. മൈന്‍ പൊട്ടിത്തെറിച്ച് ഇയാളുടെ കാല്ലിനും പരിക്കേറ്റിട്ടിണ്ട്. ടാങ്കില്‍ സഞ്ചരിക്കവേയാണ് പ്രിന്‍സിന് വെടിയേറ്റത്. മറ്റ് രണ്ടുപേരും ഇപ്പോഴും യുദ്ധമുഖത്താണ്. വെടിയേറ്റ പ്രിന്‍സിന്റെ അവസ്ഥ മോശമാണെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം. മത്സ്യത്തൊഴിലാളി കുടുംബത്തിലുള്ളവരാണ് റഷ്യയിലേക്ക് കടത്തപ്പെട്ട മൂന്നുപേരും.
റഷ്യയില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം നല്‍കിയാണ് ഇവരെ യുദ്ധമുഖത്ത് എത്തിച്ചതെന്നും മാസം രണ്ടുലക്ഷം രൂപ ശമ്പളമായിരുന്നു വാഗ്ദാനം ചെയ്തിരുന്നതെന്നും കുടുംബം ആരോപിച്ചു. സമാനമായ രീതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഇത്തരത്തില്‍ റഷ്യയിലേക്ക് കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കാന്‍ റിക്രൂട്ടിങ് നടന്നിട്ടുണ്ട്. മലയാളിയായ ഏജന്റാണ് ഇവരെ ചതിച്ചത് എന്നാണ് ആരോപണം.
തട്ടിപ്പ് നടത്തി ഇന്ത്യക്കാരെ റഷ്യയിലെ കൂലിപ്പട്ടാളത്തിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി അറസ്റ്റുള്‍പ്പെടെ നപടികള്‍ ഉണ്ടായി. ഇതിന് പിന്നാലെയാണ് മലയാളികള്‍ യുദ്ധമുഖത്തുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. റഷ്യയില്‍ കുടുങ്ങിയ ഇവരുടെ വീട് ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി. മുരളീധരന്‍ വ്യാഴാഴ്ച സന്ദര്‍ശിക്കും.
Discussion about this post