തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസിൽ ഗുരുതര ആരോപണം. മരുമകളിൽ നിന്നും കൂടുതൽ സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും വീട്ടിൽ നിന്നും പുറത്താക്കിയെന്നും എഫ്‌ഐആറിൽ പറയുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.
2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2022 സെപ്തംബറിലാണ് പരാതിക്കാരിയും സത്യഭാമയുടെ മകൻ അനൂപും തമ്മിലുള്ള വിവാഹം നടന്നത്. കേസിൽ രണ്ടാം പ്രതിയായ സത്യഭാമ മകന്റെ ഭാര്യക്ക് സ്വന്തം വീട്ടുകാർ വിവാഹസമ്മാനമായി നൽകിയ 35 പവൻ സ്വർണ്ണാഭരണങ്ങൾ ഊരിവാങ്ങിയശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇതിന് പുറമെ സ്ത്രീധനമായി പത്ത് ലക്ഷം രൂപ കൂടുതൽ വീട്ടുകാരിൽ നിന്നും വാങ്ങികൊണ്ടുവരാൻ നിർബന്ധിച്ചു. വീടും പരിസരവും സത്യഭാമയുടെ മകന്റെ പേരിൽ എഴുതികൊടുത്ത് ശേഷം വീട്ടിലേക്ക് വന്നാൽ മതിയെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.
2022 സെപ്തംബർ 29 ന് പരാതിക്കാരിയെ സത്യഭാമയും മകനും ചേർന്ന് സ്വന്തം വീട്ടിൽ കൊണ്ടുവിടുകയും 10.10.2022 ന് വൈകിട്ട് 7 മണിക്ക് പരാതിക്കാരിയും മാതാപിതാക്കളും സത്യഭാമയുടെ വീട്ടിലെത്തിയപ്പോൾ ‘എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട’ എന്നു പറഞ്ഞ് സത്യഭാമ താലിമാല വലിച്ചുപൊട്ടിച്ചെടുത്തെന്നും എഫ്‌ഐആറിൽ പറയുന്നു. പിന്നാലെ സത്യഭാമ മരുമകളുടെ മുഖത്ത് അടിച്ച് തറയിൽ തള്ളിയിട്ടെന്നും വസ്ത്രങ്ങളും മറ്റും വാരി വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞെന്നും ആരോപണമുണ്ട്.
നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ പരാമർശം വിവാദമായതിന് പിന്നാലെയാണ് കേസിന്റെ വിവരങ്ങളും പുറത്ത് വരുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കിൽ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണൻ രംഗത്തെത്തുകയായിരുന്നു.
പ്രസ്താവന വിവാദമായപ്പോഴും പിൻവലിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചുനിൽക്കുകയാണ് സത്യഭാമ. കൂടുതൽ കടുത്ത ഭാഷയിൽ ഇവർ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ‘മോഹനൻ മോഹിനിയാട്ടം കളിച്ചാൽ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കിൽ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തിൽ പ്രാധാന്യമുണ്ട്. ഇല്ലെങ്കിൽ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കും’ എന്നാണ് സത്യഭാമ പറഞ്ഞത്.
Discussion about this post