ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെ അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് സംഘമെത്തി. 12 ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളതെന്നും അവർ സെർച്ച് വാറന്റുമായി വസതിക്കുള്ളിലാണെന്നും വൃത്തങ്ങൾ അറിയിച്ചു.
മദ്യനയക്കേസിൽ സമൻസ് അയക്കാനാണ് ഡൽഹി മുഖ്യമന്ത്രിയുടെ വസതി സന്ദർശിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥർ സെർച്ച് വാറൻ്റുമായാണ് എത്തിയെന്നും കെജ്‌രിവാളിൻ്റെ വീട്ടിൽ റെയ്ഡ് നടത്തുകയാണെന്നും നിരവധി ഏജൻസികൾ പറയുന്നു. കെജ്‌രിവാളിനെ ചോദ്യം ചെയ്തേക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വീടിന് പുറത്ത് വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി എട്ടു തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ ഹാജരായിരുന്നില്ല. മദ്യനയ കേസിൽ ബിആർഎസ് നേതാവ് കെ കവിത അറസ്റ്റിലായി ഒരാഴ്ച തികയുന്നതിന് മുമ്പാണ് ഇഡി സംഘം ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്.
Discussion about this post