വാഷിംഗ്‌ടൺ: ഇന്ത്യ – ചൈന അതിർത്തി നിശ്ചയിക്കുന്ന അരുണാചൽപ്രദേശിനെ ഇന്ത്യൻ പ്രദേശമായി അംഗീകരിക്കുന്നുവെന്ന് യുഎസ്. അരുണാചൽ പ്രദേശിന് നേർക്കുള്ള പ്രദേശിക അവകാശ വാദങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ചൈനയുടെ ഏകപക്ഷീയമായ ശ്രമങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും അമേരിക്കയിലെ ബൈഡൻ ഭരണകൂടം വ്യക്തമാക്കി.
അരുണാചൽ പ്രദേശിനെ സാങ്‌നാൻ എന്ന് വിശേഷിപ്പിക്കുന്ന ചൈന ഇത് ദക്ഷിണ ടിബറ്റാണെന്നാണ് അവകാശപ്പെടുന്നത്. ഇന്ത്യയിലെ ഉന്നത നേതാക്കളും, ഉദ്യോഗസ്ഥരും അരുണാചൽ പ്രദേശ് സന്ദർശിക്കുമ്പോൾ ചൈന പ്രതിഷേധിക്കുന്നതും പതിവാണ്. ഈ മാസം ഇത് രണ്ടാം തവണയാണ് അരുണാചൽ പ്രദേശിനെ കുറിച്ച് ചൈന അവകാശവാദം ഉയർത്തുന്നത്. ഇത്തവണ മോദിയുടെ അരുണാചൽ സന്ദർശനത്തിനു തൊട്ടുപിന്നാലെയാണു പ്രസ്‌താവനയുമായി ചൈന എത്തിയത്.
അരുണാചലിലെ ചൈന അതിർത്തിക്കു സമീപം നിർമിച്ച സെലാ തുരങ്ക പാത മാർച്ച് ഒൻപതിനാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തത്. 825 കോടി രൂപ ചെലവിട്ടു നിർമിച്ച, ഏതു കാലാവസ്ഥയിലും ഗതാഗതം സുഗമമാക്കുന്ന ഈ പാതയുടെ വരവിനെ ചൈന ശക്തമായി എതിർത്തിരുന്നു. അരുണാചൽ പ്രദേശിനെ തെക്കൻ ടിബറ്റെന്ന് അവകാശപ്പെടുന്ന ചൈന, ഇന്ത്യയുടെ നീക്കം അതിർത്തി പ്രശ്‌നം സങ്കീർണ്ണമാക്കുമെന്ന് വ്യക്തമാക്കി. അരുണാചൽ പ്രദേശിനെ സൻഗ്‌നാൻ എന്നാണ് ചൈന നാമകരണം ചെയ്‌തിരിക്കുന്നത്.
ചൈനയിലെ സാങ്‌നാൻ പ്രദേശം ഏകപക്ഷീയമായി വികസിപ്പിക്കാൻ ഇന്ത്യക്ക് അവകാശമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു (US Recognises Arunachal Pradesh As Indian Territory). സൻഗ്‌നാന് പകരം ഇന്ത്യ അനധികൃതമായി ഉയർത്തിക്കൊണ്ടുവന്ന അരുണാചൽ പ്രദേശിനെ അംഗീകരിക്കാനാകില്ലെന്നും ബെയ്‌ജിങ് അതിനെ ശക്തമായി എതിർക്കുന്നുവെന്നും ചൈന പറഞ്ഞു. അരുണാചൽ പ്രദേശിൽ ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ സന്ദർശനം നടത്തുന്നതിനെ എന്നും ചൈന എതിർത്തിരുന്നു. നിലവിലുള്ള അതിർത്തി പ്രശ്‌നങ്ങൾ രൂക്ഷമാക്കാൻ മാത്രമേ ഇന്ത്യയുടെ നടപടി ഉപകരിക്കൂവെന്നാണ് ചൈനയുടെ കുറ്റപ്പെടുത്തൽ.
എന്നാൽ അരുണാചൽ പ്രദേശ് രാജ്യത്തിൻറെ അവിഭാജ്യ ഘടകമാണെന്ന് ആവർത്തിക്കുകയാണ് ഇന്ത്യ. ഈ പ്രദേശത്തിന് പുതിയ പേരുകൾ കണ്ടുപിടിച്ച് നൽകുന്ന ചൈനയുടെ നീക്കവും കേന്ദ്രം തള്ളിക്കളഞ്ഞു. പുതിയ പേരുകൾ കണ്ടുപിടിച്ച് ഇട്ടെന്ന് കരുതി ഇത് യാഥാർത്ഥ്യത്തിന് മാറ്റം വരുത്തില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിക്കുന്നതുകൊണ്ട് ചൈനയുടെ അവകാശവാദങ്ങൾക്ക് യാതൊരു സാധുതയും കൈവരാൻ പോകുന്നില്ലെന്നും ഇന്ത്യ നിലപാട് ആവർത്തിച്ചു.
“അരുണാചൽ പ്രദേശിനെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യൻ ഭൂപ്രദേശമായി അംഗീകരിക്കുന്നുവെന്നും സൈന്യത്തിൻ്റെയോ, സിവിലിയൻ്റെയോ നുഴഞ്ഞുകയറ്റത്തിലൂടെയോ കൈയേറ്റങ്ങളിലൂടെയോ ഏകപക്ഷീയമായ അവകാശവാദങ്ങൾ ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ഞങ്ങൾ ശക്തമായി എതിർക്കുന്നു“ എന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചൈനയെ അവഗണിച്ച് ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക രംഗത്ത് വന്നതോടെ പ്രതിരോധം, ടെക്‌നോളജി, സാമ്പത്തികം ഉൾപ്പെടെ വിവിധ മേഖലകളിൽ യു.എസ്- ഇന്ത്യ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാകുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post