തിരുവന്തപുരം: ആർ എൽ വി രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാനവീയം വീഥിയിൽ മോഹിനിയാട്ടം അവതരിപ്പിച്ചു. കലാഞ്ജലി ഫൗണ്ടേഷൻ ഡയറക്ടർ സൗമ്യ സുകുമാരനാണ് മോഹിനിയാട്ടം അവതരിപ്പിച്ചത്. സത്യഭാമ നടത്തിയ അധിക്ഷേപകരമായ പരാമർശത്തിൽ വ്യപക പ്രതിഷേധമാണ് ഉയരുന്നത്.
‘കലയ്ക്ക് നിറവും മതവും നൽകിയാൽ പ്രതിഷേധം കലയിലൂടെ തന്നെ നൽകും. മണിച്ചേട്ടനുമായി നേരത്തെ നല്ല ബന്ധമുണ്ടായിരുന്നു. രാമകൃഷ്‌ണൻ വന്ന വഴി എല്ലാവരും കണ്ടതാണ് അപ്പോൾ അങ്ങനെയൊരു കലാകാരന് മേൽ ആക്ഷേപം ഉണ്ടാകുമ്പോൾ വിഷമം തോന്നി. എന്ത് വൈരാഗ്യം ഉണ്ടെങ്കിലും ഒരാളെ ഇങ്ങനെ നിറത്തിൻ്റെ പേരിൽ അധിക്ഷേപിക്കാൻ പാടില്ല. കാക്കയെപ്പോലിരുന്നാലും എല്ലാ അമ്മമാർക്കും സ്വന്തം മക്കൾ പൊന്നു പോലെ ആയിരിക്കും. വിദ്യ പഠിക്കാൻ വരുന്നവരെ സ്വന്തം മക്കളായി കാണാൻ കഴിയുന്നില്ലെങ്കിൽ ആ പണി ചെയ്യരുത്. ടീച്ചറിനെ രണ്ട് മൂന്ന് ദിവസത്തെ പരിചയം ഉണ്ട്. അന്ന് മുതലേ ടീച്ചറുടെ പദപ്രയോഗങ്ങൾ ഇത്തരം ശൈലിയിലാണ്. ടീച്ചർക്ക് അത് ഒരിക്കലും മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല. ആർഎൽവി രാമകൃഷ്ണന്, മോഹിനിയാട്ടം കളിച്ചു തന്നെ ഐക്യദാർഢ്യം’ എന്ന് സൗമ്യ സുകുമാരൻ പറഞ്ഞു.
ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ അധിക്ഷേപകരമായ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. രാമകൃഷ്ണനായി ഐകൃദാർഢ്യ കൂട്ടായ്മകളും രംഗത്തെത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐ രാമകൃഷ്‌ണന് സംസ്ഥാന മോഹിനിയാട്ടം വേദികൾ ഒരുക്കും എന്നറിയിച്ചിട്ടുണ്ട്.
Discussion about this post