ന്യൂഡല്‍ഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. സ്വന്തം ചെയ്തികളുടെ ഫലമാണ് കെജ്‌രിവാൾ ഇപ്പോൾ അനുഭവിക്കുന്നതെന്ന് ഞാൻ പറഞ്ഞു. താനും കെജ്‌രിവാളും മദ്യത്തിനെതിരെ ഒരുമിച്ച് ശബ്ദമുയർത്തിയവർ ആയിരുന്നെന്നും എന്നാൽ കെജ്‌രിവാൾ അധികാരത്തിൽ വന്നപ്പോ മദ്യത്തിനായി പ്രത്യേക നയം കൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്നെ ഏറെ വിഷമത്തിലാക്കിയതായും അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു.
ഡൽഹി സർക്കാരിന്റെ മദ്യനയത്തെ നേരത്തെയും അണ്ണാ ഹസാരെ വിമർശിച്ചിരുന്നു. മദ്യത്തേപ്പോലെ അധികാരവും മത്തുപിടിപ്പിക്കുമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിനെഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞത്. ശക്തമായ ലോക്പാലോ അഴിമതി വിരുദ്ധ നിയമങ്ങളോ കൊണ്ടുവരുന്നതിന് പകരം ജനങ്ങള്‍ക്കെതിരേ, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരേയുള്ള നയമാണ് കെജ്‌രിവാള്‍ നടപ്പാക്കിയതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
“മദ്യത്തിനെതിരെ ശബ്ദമുയർത്തുന്ന എൻ്റെ കൂടെ പ്രവർത്തിച്ച അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ മദ്യനയങ്ങൾ ഉണ്ടാക്കുന്നു. ഞാൻ വളരെ അസ്വസ്ഥനാണ്. സ്വന്തം ചെയ്തികൾ കൊണ്ടാണ് അറസ്റ്റ്. അധികാരത്തിന് മുന്നിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അണ്ണാ ഹസാരെ പറഞ്ഞു.
2011ൽ അന്നത്തെ കോൺഗ്രസ് സർക്കാരിൻ്റെ അഴിമതിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ അണ്ണാ പ്രസ്ഥാനത്തിൽ ചേർന്നിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇരുനേതാക്കളുടെയും പിന്നിൽ അണിനിരന്നത്. എന്നിരുന്നാലും, പ്രതിഷേധം അവസാനിച്ചതിന് ശേഷം, കെജ്‌രിവാളും ഇന്ത്യ എഗെയിൻസ്റ്റ് കറപ്‌ഷൻ്റെ മറ്റ് നിരവധി അംഗങ്ങളും ചേർന്ന് ആം ആദ്മി പാർട്ടി രൂപീകരിച്ചു. പ്രതിഷേധം രാഷ്ട്രീയമല്ലെന്ന് വാദിച്ചിരുന്ന ഹസാരെ, എഎപി രൂപീകരിക്കാനുള്ള കെജ്രിവാളിൻ്റെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Discussion about this post