ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ പത്ത് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ട് ഡൽഹി റോസ് അവന്യൂ കോടതി. ഏപ്രിൽ 1 വരെയാണ് കസ്റ്റഡി കലാവധി. പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. മൂന്നേ മുക്കാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ഇ ഡി ആവശ്യപ്രകാരം കസ്റ്റഡിയിൽ വിട്ടത്.
കള്ളപ്പണവെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ സെക്ഷൻ പത്തൊമ്പത് പ്രകാരമാണ് അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് വാദത്തിനിടെ ഇ ഡി കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റ് വിവരം കുടുംബത്തെ അറിയിച്ചെന്നും റിമാൻഡ് അപ്ലിക്കേഷൻ്റെ കോപ്പി നൽകിയെന്നും കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റിൻ്റെ പശ്ചാത്തലം അരവിന്ദ് കെജ്‌രിവാളിന് എഴുതി നൽകിയെന്നും ഇഡി കോടതിയിൽ അറിയിച്ചു. സുപ്രീം കോടതി സെന്തിൽ ബാലാജി കേസിൽ പുറപ്പെടുവിച്ച വിധിപകർപ്പും ഇഡി കോടതിയിൽ സമർപ്പിച്ചു. അരവിന്ദ് കെജ്‌രിവാളാണ് ഡൽഹി മദ്യനയകേസിലെ സൂത്രധാരൻ ഇ ഡി കോടതിയിൽ വാദിച്ചു. സൗത്ത് ഗ്രൂപ്പിന് അനുകൂലമായി ഡൽഹി മദ്യനയം ആവിഷ്‌കരിക്കുന്നതിൽ അരവിന്ദ് കെജ്‌രിവാൾ നേരിട്ട് ഇടപെട്ടെന്നും ഇ ഡി കോടതിയിൽ വാദിച്ചു.
കേസിലെ മുഖ്യകണ്ണികളിൽ ഒരാളായ വിജയ് നായർ കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയോട് ചേർന്ന വസതിയിൽ താമസിച്ചിരുന്നു. ആം ആദ്മി പാർട്ടിയുടെ മാധ്യമ ചുമതല വിജയ് നായർക്കായിരുന്നെന്നും ഇ ഡി ചൂണ്ടിക്കാണിച്ചു. ആം ആദ്മി പാർട്ടിക്കും സൗത്ത് ഗ്രൂപ്പിനും ഇടനിലക്കാരനായി നിന്നത് വിജയ് നായരായിരുന്നു. സൗത്ത് ഗ്രൂപ്പിന് നൽകുന്ന ആനുകൂല്യങ്ങൾക്ക് പകരമായി കൈക്കൂലി വാങ്ങിത്തരണമെന്ന് അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നെന്നും റിമാൻഡ് റിപ്പോർട്ടിനെ ഉദ്ധരിച്ച് ഇ ഡി കോടതിയിൽ വാദിച്ചു.
കേസിലെ മാപ്പ്‌സാക്ഷിയായ ശരത് റെഡ്ഡിയുടെ മൊഴിയും കോടതിയിൽ വായിച്ചു. സൗത്ത് ഗ്രൂപ്പിൽ നിന്നും ആം ആദ്മി പാർട്ടിക്ക് 45 കോടി രൂപലഭിച്ചെന്നും അത് 2022ൽ നടന്ന ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്നും ഇ ഡി കോടതിയെ അറിയിച്ചു. 100 കോടിയുടെ അഴിമതി നടത്തിയെന്ന് മാത്രമല്ല അഴിമതിക്ക് സഹായിച്ചവർക്ക് ലാഭം ഉണ്ടാക്കാനും സഹായിക്കുകയും ചെയ്തു. ചെന്നൈയിൽ നിന്നും പണം വരുകയും അത് ഗോവയിലേയ്ക്ക് പോകുകയും ചെയ്തുവെന്നും ഇ ഡി കോടതിയെ അറിയിച്ചു.
മൊഴികൾ മാത്രമല്ല ഉള്ളതെന്നും ഈ വിവരങ്ങൾക്ക് സിഡിആറുകളിലൂടെ സ്ഥിരീകരണമുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു. കൈമാറിയ പണത്തിന്റെ തോത് എത്രയെന്ന് ദയവായി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട ഇഡി എവിടെ നിന്നാണ് അവർക്ക് പണം കിട്ടിയതെന്നും ചോദിച്ചു. കൈക്കൂലിയിലൂടെയാണ് ഈ പണം സ്വരൂപിച്ചതെന്നും ഇ ഡി ചൂണ്ടിക്കാണിച്ചു. ദയവായി കള്ളപ്പണവെളുപ്പിക്കൽ നിരോധന നിയമം ശ്രദ്ധിക്കണമെന്നും ഇ ഡി കോടതിയോട് അഭ്യർത്ഥിച്ചു. അരവിന്ദ് കെജ്‌രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിവരങ്ങൾ ശേഖരിക്കാൻ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ ഡി കോടതിയോട് അഭ്യർത്ഥിച്ചു.
അധികാരമുണ്ടെന്ന് പ്രയോഗിക്കാനുള്ള അവകാശമല്ല അറസ്റ്റെന്ന് അരവിന്ദ് കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്ങ്‌വി വാദിച്ചു. അടിസ്ഥാന വിവരങ്ങൾ കൈവശമുണ്ടെങ്കിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമെന്തെന്നും അഭിഷേക് സിങ്ങ്‌വി ചോദിച്ചു. ഒന്നാം സാക്ഷി മൊഴിനൽകി അതിൽ കെജ്‌രിവാളിനെതിരായി പരാമർശമൊന്നും ഉണ്ടായിരുന്നില്ല. പിന്നെയും മൊഴി നൽകി അപ്പോഴും കെജ്‌രിവാളിനെതിരായി ഒന്നുമുണ്ടായിരുന്നില്ല. അടുത്തഘട്ടം ഒന്നാം സാക്ഷിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാംഘട്ടം അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുക എന്നതായിരുന്നു. നാലാം ഘട്ടം സുപ്രഭാതത്തിൽ ആയളെ മാപ്പുസാക്ഷിയാക്കി മാറ്റുകയെന്നതായിരുന്നു. അഞ്ചാംഘട്ടം ഇയാൾ കെജ്‌രിവാളിനെതിരെ ബുദ്ധിപരമായ മൊഴിയുമായി വരികയായിരുന്നുവെന്നും അഭിഷേക് സിങ്ങ്‌വി ചൂണ്ടിക്കാണിച്ചു.
വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്ത കെജ്‌രിവാളിനെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്. ഇ ഡി ആസ്ഥാനത്ത് നിന്നും റോസ് അവന്യൂ കോടതിവരെയുള്ള ഇടങ്ങളിലെല്ലാം പ്രതിഷേധ സാധ്യതകണക്കിലെടുത്ത് പൊലീസുകാരെ വിന്യസിച്ചിരുന്നു. കോടതി പരിസരത്തും കനത്ത പൊലീസ് വലയമാണ് തീർത്തിരുന്നത്.
നേരത്തെ ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പിൻവലിച്ചിരുന്നു. ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അഭിഷേഖ് മനു സിങ്‍വി കോടതിയെ അറിയിച്ചു. കെജ്‍രിവാൾ സമർപ്പിച്ച ഹർജി മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് ഹർജി പിൻവലിച്ചിരിക്കുന്നത്. സുപ്രീം കോടതിയിൽ അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ ഇഡി കവിയറ്റ് ഹർജി നൽകിയിരുന്നു. ഇഡിയുടെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. ഇതിന് പിന്നാലെയാണ് കെജ്രിവാൾ താൻ നൽകിയ ഹർജി പിൻവലിച്ചത്.
Discussion about this post