ബെംഗളൂരു : ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻറെ പുനരുപയോഗ വിക്ഷേപണ വാഹനമായ പുഷ്‌പക്കിൻറെ ലാൻഡിങ് വിജയകരം. കർണാടകയിലെ ചിത്രദുർഗ്ഗ എയ്‌റോനോട്ടിക്കൽ ടെസ്‌റ്റ് റേഞ്ചിൽ (എടിആർ) ആയിരുന്നു പരീക്ഷണം. രാമായണത്തിലെ പുഷ്‌പകവിമാനത്തിൻറെ പേരിലാണ് ഈ പേടകം അറിയപ്പെടുന്നത്. ആർഎൽവിയുടെ മൂന്നാമത്തെ ലാൻഡിംഗ് ദൗത്യമായിരുന്നു ഇന്ന് നടന്നത്. അതേസമയം 2016ലും കഴിഞ്ഞ വർഷം ഏപ്രിലിലും ഐഎസ്ആർഒ നടത്തിയ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
‘ഇന്ത്യൻ സ്‌പേസ് ഷട്ടിൽ’ പുഷ്‌പക്കിനെ വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് ഉയർത്തി. തുടർന്ന്, 4.5 കിലോമീറ്റർ ഉയരത്തിൽ എത്തിച്ചാണ് സ്വതന്ത്രമാക്കിയത്. റിലീസിന് ശേഷം 4 കിലോമീറ്റർ അകലെ പേടകം സ്വയം ദിശ മാറ്റി പുഷ്‌പക് ക്രോസ് റേഞ്ച് റൺവേയിൽ കൃത്യമായി ഇറങ്ങി. ബ്രേക്ക് പാരച്യൂട്ട് ലാൻഡിങ് ഗിയർ ബ്രേക്കുകളും നോസ് വീൽ സ്‌റ്റിയറിങ് സിസ്‌റ്റവും ഉപയോഗിച്ച് വ്യോമവാഹനം നിർത്തിയെന്നും ഐഎസ്‌ആർഒ അറിയിച്ചു.
ഐഎസ്ആർഒയുടെ വിക്രം സാരാഭായ് സ്‌പേസ് സെൻററും (VSSC) ലിക്വിഡ് പ്രൊപ്പൽഷൻ സിസ്‌റ്റം സെൻററും ഐഎസ്ആർഒ ഇനേർഷ്യൽ സിസ്‌റ്റംസ് യൂണിറ്റും ചേർന്നാണ് ഈ ദൗത്യം വിജയകരമായി പൂർത്തീകരിച്ചത്. കൂടാതെ ഇന്ത്യൻ വ്യോമസേനയുൾപ്പടെയുള്ള ((IAF) വിവിധ സർക്കാർ ഏജൻസികളുടെ സഹകരണവും ഐഎസ്‌ആർഒയ്‌ക്ക് ഉണ്ടായിരുന്നു.
പ്രത്യേകത : ടെക്നോളജി ഡെമോൺസ്‌ട്രേറ്റർ (RLV-TD) എന്നത് ഐഎസ്ആർഒയുടെ ഏറ്റവും സാങ്കേതികമായി ആവശ്യപ്പെടുന്ന പദ്ധതികളിലൊന്നാണ്. ഈ പരീക്ഷണത്തിൻറെ ലക്ഷ്യം ബഹിരാകാശത്തേക്ക് കുറഞ്ഞ ചെലവിൽ പോയി തിരിച്ചെത്തുന്നതിന് പൂർണമായും പുനഃരുപയോഗിക്കാൻ പറ്റുന്ന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക എന്നതാണ്. ആർഎൽവിയുടെ രൂപകൽപ്പന ഒരു വിമാനത്തിന് സമാനമാണ്. എന്നാൽ ഇത് ഒരു വിക്ഷേപണ വാഹനത്തിൻ്റെയും വിമാനത്തിൻ്റെയും സങ്കീർണതകളെ സംയോജിപ്പിക്കുന്നതുമാണ്.
Discussion about this post