ചെലവ് ചുരുക്കലിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള 300 ഓഫ്‌ലൈൻ ട്യൂഷൻ സെന്ററുകളിൽ 200 ഓളം സെന്ററുകൾ അടച്ചുപൂട്ടാൻ ഒരുങ്ങി എഡ്ടെക് കമ്പനിയായ ബൈജൂസ് (Byju’s). അടുത്ത മാസം മുതൽ ഇവ പ്രവർത്തിക്കില്ലെന്ന് ക്യാപ്ടേബിൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിയിൽ കമ്പനി 50 സെന്ററുകൾ അടച്ചുപൂട്ടിയിരുന്നു. കമ്പനിയുടെ വളർച്ചയിൽ വലിയ പങ്ക് വഹിച്ച വിഭാഗമാണ് ഇത്തരം ട്യൂഷൻ സെന്ററുകൾ.
കഴിഞ്ഞയാഴ്ച ബൈജൂസ് എല്ലാ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബംഗളൂരുവിലെ ഓഫീസ് മാത്രം നിലനിർത്തിക്കൊണ്ട് പാട്ടക്കാലാവധി അവസാനിച്ച മറ്റെല്ലാ ഓഫീസുകളും ഉപേക്ഷിക്കാനാണ് കമ്പനിയുടെ പദ്ധതി. ബൈജൂസിന്റെ ഇന്ത്യ സി.ഇ.ഒ അർജുൻ മോഹൻ മുന്നോട്ട് വച്ച പുനഃസംഘടനയുടെ ഭാഗമായി പണം ലാഭിക്കുന്നതിനാണ് ഓഫീസുകൾ ഉപേക്ഷിക്കുന്നത്.
ഈയടുത്ത് അവകാശ ഇഷ്യൂവിൽ സമാഹരിച്ച പണം (ഏകദേശം 2000-2,500 കോടി രൂപ) ചില നിക്ഷേപകരുമായുള്ള തർക്കത്തിനിടയിൽ കുടുങ്ങിക്കിടക്കുന്നതിനാലാണ് പണം ലാഭിക്കുന്നതിനായി ഇത്തരമൊരു നീക്കം നടത്തുന്നത്. അതേസമയം 20,000ത്തിൽ അധികം ജീവനക്കാർക്കുള്ള ഫെബ്രുവരിയിലെ ശമ്പളത്തിന്റെ ഒരു ഭാഗം ബൈജൂസ് വിതരണം ചെയ്തതായി അറിയിച്ചു.
Discussion about this post