വിനായക് ദാമോദർ സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കിയ ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. നടൻ രൺദീപ് ഹൂഡ ആണ് ചിത്രത്തിൽ സവർക്കറായി എത്തുന്നത്. രൺദീപ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും. സവർക്കറുടെ ആശയങ്ങളും കാലാ പാനി ജയിലിലെ ജീവിത സാഹചര്യങ്ങളുമൊക്കെ പ്രമേയമായ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകനായും നായകനായും ചിത്രത്തെ പ്രതിനിധീകരിക്കുന്ന രൺദീപ് ഹൂഡയ്ക്ക് നിറഞ്ഞ കയ്യടിയും സോഷ്യൽ മീഡിയ നൽകുന്നു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ദേശീയതയിലൂന്നിയ ഒരു ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയും ‘സ്വതന്ത്ര വീർ സവർക്കറി’നുണ്ട്.
വിഡി സവർക്കറുടെ കഥാപാത്രത്തെ വളരെ മികച്ചതായി രൺദീപ് അവതരിപ്പിച്ചുവെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു. ചിത്രം നൽകുന്ന സിനിമാറ്റിക് എക്സ്പീരിയൻസിനും സോഷ്യൽ മീഡിയയിൽനിന്ന് കയ്യടിയുണ്ട്. വീർ സവർക്കറെ അവതരിപ്പിച്ച രൺദീപ് ഹൂഡ ദേശീയ അവാർഡ് നേടാൻ യോഗ്യനാണെന്ന് ഒരു എക്സ് (ട്വിറ്റർ) ഉപയോക്താവ് പറയുന്നു. സവർക്കറുടെ ജീവിതകഥ അതേ രീതിയിൽതന്നെ സിനിമയിൽ അവതരിപ്പിക്കാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സ്വതന്ത്ര വീർ സവർക്കർ’ ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രമാകുമെന്നാണ് മറ്റൊരാളുടെ പ്രതികരണം. വളരെ അമ്പരപ്പിക്കുന്ന സിനിമയെന്നാണ് ചിത്രത്തിന് അദ്ദേഹം നൽകുന്ന വിശേഷണം. കൂടാതെ, സവർക്കറുടെ വേഷത്തിലെത്തിയ രൺദീപിന് നന്ദിയും അറിയിക്കുന്നു. ചിത്രത്തിന് അഞ്ചിൽ അഞ്ച് റിവ്യു നൽകിയും ചിലർ എക്സിൽ എത്തിയിട്ടുണ്ട്.

