ഡൽഹി: ദില്ലി മദ്യനയ അഴിമതിയിൽ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ആറുദിവസത്തെ കസ്റ്റഡിയിലാണ് നിലവിൽ കെജ്‍രിവാളുള്ളത്.
മദ്യനയ അഴിമതിയിൽ കെജ്‍രിവാളിന് എതിരെ കൂടുതൽ തെളിവുകൾ കണ്ടെത്താനാകും ഇഡിയുടെ ശ്രമം. അതിനായി കെജ്‍രിവാളിനെ വിശദമായി ഇന്ന് ചോദ്യം ചെയ്യും. ഇതേ കേസിൽ അറസ്റ്റിലായ തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയും ഇഡി കസ്റ്റഡിയിലാണ്.
കെജ്‍രിവാളിനെയും കവിതയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും എന്നാണ് പുറത്ത് വരുന്ന വിവരം. കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വീണ്ടും കവിതയെ കസ്റ്റഡിയിൽ വേണം എന്ന് ഇഡി റോസ് അവന്യു കോടതിയിൽ ആവശ്യപ്പെടും.
അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിൽ ഇന്നും ആം ആദ്മി പാർട്ടി ദില്ലിയിൽ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കും. ITOയിലെ ഷഹീദി പാർക്കിൽ ഇന്ത്യ സഖ്യത്തിലെ പാർട്ടികൾക്കൊപ്പമാകും പ്രതിഷേധം. ബിജെപി ദേശീയ ആസ്ഥാനത്തേക്ക് മാർച്ച് നടത്താനും ആലോചനയുണ്ട്. എഎപി ഓഫീസ് ഇരിക്കുന്ന ITO അടക്കം പ്രധാന ഇടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലേക്കും ആം ആദ്മി പാർട്ടി മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
ജയിലിൽ നിന്ന് ഭരിക്കുമെന്നാണ് കെജ്‌രിവാൾ പ്രതികരിച്ചത്. ഒന്നിനേയും പേടിയില്ല. ഇത്ര പെട്ടെന്ന് ഇഡി അറസ്റ്റ് ചെയ്യുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ സെക്ഷൻ പത്തൊമ്പത് പ്രകാരമാണ് അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് വാദത്തിനിടെ ഇ ഡി കോടതിയെ അറിയിച്ചിരുന്നു. അരവിന്ദ് കെജ്‌രിവാളാണ് ഡൽഹി മദ്യനയകേസിലെ സൂത്രധാരൻ. സൗത്ത് ഗ്രൂപ്പിന് അനുകൂലമായി ഡൽഹി മദ്യനയം ആവിഷ്‌കരിക്കുന്നതിൽ അരവിന്ദ് കെജ്‌രിവാൾ നേരിട്ട് ഇടപെട്ടെന്നും ഇ ഡി കോടതിയിൽ വാദിച്ചു.
Discussion about this post