മോസ്‌കോ (റഷ്യ) : റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ സംഗീത നിശയ്‌ക്കിടെ ഭീകരാക്രമണം. 60 പേർ കൊല്ലപ്പെട്ടതായാണ് വിവരം. സംഭവത്തിൽ 145 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൻറെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു
മോസ്‌കോയുടെ പടിഞ്ഞാറു ഭാഗത്തുള്ള ക്രോക്കസ് സിറ്റി ഹാളിലാണ് ഇന്നലെ (മാർച്ച് 22) ആക്രമണം നടന്നത്. വേദിയിലേക്കെത്തിയ അഞ്ച് അക്രമികൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്‌പ്പിന് പിന്നാലെ രണ്ട് തവണ സ്‌ഫോടനവും നടന്നു. ഇതോടെ ഹാളിൽ വൻ തീപിടിത്തം ഉണ്ടാകുകയായിരുന്നു.
ഹാളിൽ തീ പടർന്നതോടെ മേൽക്കൂര ഇടിഞ്ഞു വീണു. കെട്ടിടത്തിലെ തീയണയ്‌ക്കാൻ ഹെലികോപ്‌റ്റർ അടക്കമുള്ള സൗകര്യങ്ങൾ പ്രദേശത്ത് സജ്ജീകരിച്ചിട്ടുണ്ട്. അക്രമികൾ വെടിയുതിർത്തതോടെ ചിലർ ഹാളിന് പുറത്തേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചിരുന്നു. ഇതോടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ചിലർ മരിച്ചത്.
സൈനിക യൂണിഫോമിനോട് സമാനമായ വേഷം ധരിച്ചാണ് അക്രമികൾ ക്രോക്കസ് സിറ്റി ഹാളിലേക്ക് എത്തിയത്. ഇവരെ പിടികൂടാനായിട്ടില്ല. അക്രമികളിൽ ചിലർ ഇതേ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നതായും സൂചനയുണ്ട്. റഷ്യയിൽ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നാണ് ഇത്.
അതേസമയം, യുക്രെയിനിലെ റഷ്യൻ അധിനിവേഷം മൂന്നാം വർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആക്രമണത്തിന് റഷ്യ സാക്ഷ്യം വഹിക്കുന്നത്. എന്നാൽ ആക്രമണവുമായി യുക്രെയിന് ബന്ധമില്ലെന്നാണ് പുറത്തുവരുന്ന വിവരം.
