ന്യൂഡൽഹി: അസ്വാരസ്യങ്ങൾക്കിടെ ഭാരതത്തിന്റെ കനിവ് തേടി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലിദ്വീപിനെ അടുത്ത സുഹൃത്തായി കണ്ട് കടാശ്വാസം അനുവദിക്കണമെന്ന് മുയിസു ഇന്ത്യയോട് അഭ്യർത്ഥിച്ചു. വായ്പയിൽ തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തിലാണ് സഹായ അഭ്യർത്ഥനയുമായി മാലിദ്വീപ് രംഗത്ത് എത്തിയത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 400.9 കോടി അമേരിക്കൻ ഡോളറാണ് മാലിദ്വീപ് ഇന്ത്യയിൽ നിന്നും കടമെടുത്തത്. കഴിഞ്ഞ വർഷമായിരുന്നു ഇത്. എന്നാൽ ഇത്രയും ഭീമമായ തുക തിരിച്ചയ്ക്കാൻ രാജ്യത്തിന് നിലവിലെ സാഹചര്യത്തിൽ സാദ്ധ്യമല്ല. ഇതോടെയാണ് കടാശ്വാസം നൽകണമെന്ന മാലിദ്വീപിന്റെ ആവശ്യം. രാജ്യത്തെ ഒരു സ്വകാര്യ മാധ്യമത്തിന് കഴിഞ്ഞ ദിവസം മുയിസു അഭിമുഖം നൽകിയിരുന്നു. ഇതിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഈ അഭ്യർത്ഥന എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയുടെ സഹായത്തോടെ നിരവധി വികസന പ്രവർത്തനങ്ങളാണ് മാലിദ്വീപിൽ പുരോഗമിക്കുന്നത്. ഈ പിന്തുണ തുടർന്നും ഉണ്ടാകണമെന്നും മുസിയു ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയെ പ്രകീർത്തിച്ചുള്ള പരാമർശങ്ങളും മുസിയു അഭിമുഖത്തിനിടെ നടത്തിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളാക്കിയതിന് പിന്നാലെ ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ മാലിദ്വീപിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ഇതേ തുടർന്നാണ് ഇന്ത്യയുമായുള്ള നിലപാട് ഇപ്പോൾ മാലിദ്വീപ് മയപ്പെടുത്തിയിരിക്കുന്നത്.
Discussion about this post