ഇസ്ലാമിക വിശുദ്ധ ഗ്രന്ഥമായ ഖുറാൻ്റെ താളുകൾ കത്തിച്ചതിന് 40 കാരിക്ക് ജീവപര്യന്തം. കേസിൽ സ്ത്രീ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പഞ്ചാബ് പ്രവിശ്യയിലെ ലാഹോർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ലാഹോറിലെ ബേഡിയൻ റോഡ് സ്വദേശിയായ ആസിയ ബീബിയ്ക്കാണ് ജീവപര്യന്തം. 2021-ൽ ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീടിന് പുറത്ത് ഖുറാൻ കോപ്പി കത്തിച്ചുവെന്നാരോപിച്ച് അയൽവാസി നൽകിയ പരാതിയിലായിരുന്നു നടപടി.
വിശുദ്ധ ഖുർആനിനെ അവഹേളിച്ചുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. തുടർന്ന് രാജ്യത്തെ കടുത്ത മതനിന്ദ നിയമങ്ങൾ പ്രകാരം കേസെടുത്തു. ആസിയയ്‌ക്കെതിരായ കേസിലെ അടിസ്ഥാനപരമായ പിഴവുകൾ ചൂണ്ടിക്കാട്ടി അഭിഭാഷകൻ സർമദ് അലി ശിക്ഷായിളവിന് വാദിച്ചിരുന്നു. ഇവർ മതനിന്ദ നടത്തിയില്ലെന്നും വ്യക്തിപരമായ പ്രശ്നം തീർപ്പാക്കാൻ അയൽക്കാരൻ മനഃപൂർവം കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കൂടാതെ, പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികളിൽ വ്യക്തമായ വൈരുദ്ധ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പരാതിക്കാരനെ സംഭവത്തിന് സാക്ഷിയല്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥനെ മാറ്റിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ഖുറാൻ്റെ പകർപ്പ് കത്തിച്ച ആസിയയെ കയ്യോടെയാണ് പിടികൂടിയതെന്ന് പ്രോസിക്യൂട്ടർ മൊഹാസിബ് അവായിസ് പറഞ്ഞു. തെളിവുകൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ സംശയാതീതമായി പ്രോസിക്യൂഷൻ വാദം തെളിഞ്ഞെന്ന് നിരീക്ഷിച്ചുകൊണ്ട് സെഷൻസ് കോടതി ജഡ്ജി ഇമ്രാൻ ഷെയ്ഖ് വിധി പ്രഖ്യാപിച്ചു. വിധിയെ ആസിയ ബീബി ലാഹോർ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഉയർന്ന ജുഡീഷ്യറിയിൽ നിന്ന് ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സർമദ് അലി പറഞ്ഞു.
Discussion about this post