തിംഫു: ഭൂട്ടാനിലേക്കുള്ള തന്റെ യാത്ര വളരെ സവിശേഷമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിന് കൂടുതൽ ഊർജ്ജം പകർന്നെന്ന് അദ്ദേഹം പറഞ്ഞു. ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസറിനെയും പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേനെയും ഭൂട്ടാനിലെ മറ്റ് വിശിഷ്ട വ്യക്തികളെയും കാണാൻ അവസരം ലഭിച്ചു.
തങ്ങളുടെ ചർച്ചകൾ ഇന്ത്യ-ഭൂട്ടാൻ സൗഹൃദത്തിന് കൂടുതൽ ഊർജ്ജം പകരുമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.ഭൂട്ടാനിലെ ജനങ്ങളുടെ ഉജ്ജ്വല സ്വീകരണത്തിനും , ആതിഥ്യമര്യാദയ്ക്കും നന്ദി അറിയിക്കുന്നു. ഇന്ത്യ എല്ലായ്‌പ്പോഴും ഭൂട്ടാന്റെ വിശ്വസ്ത സുഹൃത്തും പങ്കാളിയുമായിരിക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാൻ ഭാരതം എല്ലായ്പ്പോഴും ഒപ്പമുണ്ടാകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് കടക്കും. അടിസ്ഥാനസൗകര്യ വികസനം, ഗതാഗതം, വ്യാപാരം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ ഇന്ത്യയും ഭൂട്ടാനും ഒന്നിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ ധാരണാപത്രങ്ങളിൽ ഒപ്പുവയ്ച്ചു. അത്യാധുനിക ആശുപത്രിയുടെ നിർമ്മാണത്തിന് പൂർണമായും ധനസഹായം നൽകിയതിന് ഭൂട്ടാൻ പ്രധാനമന്ത്രി ടോബ്‌ഗേ ഇന്ത്യൻ സർക്കാരിനോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഭൂട്ടാൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരികെയെത്തി. ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കും പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേയും തിംഫു വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ യാത്ര അയച്ചു.
Discussion about this post