ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. ബോളിവുഡ് താരം കങ്കണ റണാവത്ത് ജന്മസ്ഥലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് മത്സരിക്കും. കോൺഗ്രസിന്റെ ശക്തികേന്ദ്രമായാണ് മാണ്ഡി അറിയപ്പെടുന്നത്.
എന്റെ പ്രിയപ്പെട്ട ഭാരതത്തിന്റെയും ഭാരതീയ ജനതയുടെ സ്വന്തം പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) എന്നും എന്റെ പിന്തുണയുണ്ട്. ബിജെപിയുടെ ദേശീയ നേതൃത്വം ഇന്ന് എന്നെ എന്റെ ജന്മസ്ഥലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ (മണ്ഡലം) ലോക്സഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.
പാർട്ടിയിൽ ഔദ്യോഗികമായി ചേരുന്നതിൽ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. യോഗ്യയും വിശ്വസ്തയുമായ പൊതുപ്രവർത്തകയാകാൻ കഴിയുമെന്ന് കരുതുന്നു. നന്ദി എന്ന് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ എക്‌സിൽ കുറിച്ചു.
ഇതിന് പുറമെ ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് രാമാനന്ദ് സാഗറിന്റെ രാമായണത്തിലെ ശ്രീരാമന്റെ കഥാപാത്രത്തെ അവതരിപ്പിച്ച മുതിർന്ന നടൻ അരുൺ ഗോവിലിനെയും പാർട്ടി സ്ഥാനാർത്ഥിയാക്കി.
അഞ്ചാം പട്ടികയിൽ 111 സ്ഥാനാർത്ഥികളുടെ പേരുകളാണ് പാർട്ടി പ്രഖ്യാപിച്ചത്. കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വയനാട് മത്സരിക്കും. രാഹുൽ ഗാന്ധിക്കെതിരെയാണ് സുരേന്ദ്രൻ ജനവിധി തേടുന്നത്. ഡോ കെഎസ് രാധാകൃഷ്ണൻ എറണാകുളത്ത് നിന്നും, ഡോ ടിഎൻ സരസു ആലത്തൂരും മത്സരിക്കും. ജി കൃഷ്ണകുമാർ (നടൻ കൃഷ്ണകുമാർ) കൊല്ലത്ത് നിന്നും മത്സരിക്കും.
Discussion about this post