തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് ഇക്കുറി അവസാന അവസരം. ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യണമെന്നുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ലഭിക്കുക. ഇതനുസരിച്ചാണ് ഇത്തവണത്തെ അവസരം ഇന്ന് അവസാനിക്കുന്നത്.
വോട്ടർപ്പട്ടികയിൽ പേര് ചേർക്കേണ്ടതെങ്ങനെ
18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടൽ വഴിയോ, വോട്ടർ ഹെൽപ് ലൈൻ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവൽ ഓഫീസർമാർ വഴിയോ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടൽ വഴി അപേക്ഷിക്കുന്നവർ https://voters.eci.gov.in/ ൽ പ്രവേശിച്ച് മൊബൈൽ നമ്പർ നൽകി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിൻ ചെയ്ത് വേണം തുടർനടപടികൾ ചെയ്യാൻ.
ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷ എൻട്രികൾ പൂരിപ്പിക്കാൻ കഴിയും. ന്യൂ രജിസ്ട്രേഷൻ ഫോർ ജനറൽ ഇലക്ടേഴ്സ് എന്ന ഒപ്ഷൻ തുറന്ന് (പുതുതായി വോട്ട് ചേർക്കുന്നവർക്കുള്ള ഫോം 6) സംസ്ഥാനം, ജില്ല, പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങൾ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങൾ, ഇ മെയിൽ ഐ ഡി, ജനനത്തീയതി, വിലാസം തുടങ്ങിയ വിവരങ്ങൾ നൽകി പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി അപ്ലോഡ് ചെയ്ത് വേണം അപേക്ഷ സമർപ്പിക്കാൻ.
ആധാർ കാർഡ് ലഭ്യമല്ലെങ്കിൽ മറ്റ് രേഖകൾ അപ്ലോഡ് ചെയ്യണം. തുടർന്ന് അധികൃതരുടെ പരിശോധനക്ക് ശേഷം പട്ടികയിൽ പേര് ഉൾപ്പെടുത്തി നൽകിയിരിക്കുന്ന വിലാസത്തിൽ തപാൽ വഴി വോട്ടർക്ക് തിരിച്ചറിയൽ കാർഡ് അയക്കും.ഇതിനകം അപേക്ഷ നൽകിയവർ വീണ്ടും നൽകേണ്ടതില്ല. അപേക്ഷ സംബന്ധിച്ച സ്ഥിതിവിവരം ഓൺലൈൻ ആയോ അതത് താലൂക്ക് ഓഫിസുകളിലെ ഇലക്ഷൻ വിഭാഗം , ബി എൽ ഓ എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്.
Discussion about this post