ദിസ്പൂര്‍: ഭാര്യയ്ക്ക് ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടിവിട്ടു. അസമിലെ ലഖിംപൂര്‍ ജില്ലയിലെ നൗബോയിച്ച എംഎല്‍എ ഭരത് ചന്ദ്ര നാര ആണ് രാജിവച്ചത്. ഹസാരിക മണ്ഡലത്തില്‍ ഉദയ് ശങ്കറിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി.
മുന്‍ കേന്ദ്രമന്ത്രി കൂടിയായ റാണി നാരായ്ക്ക് ഇത്തവണയും സീറ്റ് നല്‍കുമെന്ന് എംഎല്‍എയും ഭര്‍ത്താവുമായ ഭരത് ചന്ദ്ര പ്രതീക്ഷിച്ചിരുന്നു. ലഖിംപുര്‍ മണ്ഡലത്തില്‍നിന്ന് മുന്‍പ് മൂന്നുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഭരത് ചന്ദ്ര നാരയുടെ ഭാര്യ റാണി നാര. കേന്ദ്രമന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്.
സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഒറ്റവരിയില്‍ ഒതുക്കി രാജിക്കത്ത് നൽകുകയും ചെയ്തു. താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നു എന്നുമാത്രമാണ് രാജിക്കത്തില്‍ പറയുന്നത്.

