കൊച്ചി: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഹുൽ ഗാന്ധി വയനാട്ടിൽ വന്നതിലുമധികം ആന മണ്ഡലത്തിൽ വന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നതെന്ന് സുരേന്ദ്രൻ പരിഹസിച്ചു. ടൂറിസ്റ്റ് വിസയിൽ ആറേഴു തവണ വയനാട്ടിൽ വരുന്ന രാഹുൽ ഗാന്ധി മണ്ഡലത്തിലെ ഒരു പ്രശ്നത്തിലും ഇടപെട്ടിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. എൻഡിഎയുടെ എറണാകുളം മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി വരും, 2 പൊറോട്ട കഴിക്കും, ഇൻസ്റ്റഗ്രാമിൽ രണ്ട് പോസ്റ്റിടുമെന്നും പോകുമെന്നും സുരേന്ദ്രൻ പരിഹസിച്ചു. വയനാടിനെ ‘ആസ്പിരേഷനൽ ജില്ല’കളുടെ കൂട്ടത്തിൽ ഉള്‍പ്പെടുത്തി വികസിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചെങ്കിലും സ്ഥലം എംപി നിലയിൽ ഇതിന്റെ ഒരു യോഗത്തിൽ പോലും രാഹുൽ ഗാന്ധി പങ്കെടുത്തില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

