ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചത്തിന് പിഴയീടാക്കി അധികൃതർ. കുടിവെള്ളംകൊണ്ട് കാർ കഴുകിയതിനും ചെടിനനച്ചതിനും 22 കുടുംബങ്ങൾക്കാണ് അധികൃതർ പിഴചുമത്തിയത്. ജലബോർഡിന്റെ നിർദേശം അവഗണിച്ച കുടുംബളിൽ നിന്ന് 5,000 രൂപ വീതമാണ് പിഴ ഈടാക്കിയത്. മൊത്തം 1.1 ലക്ഷം രൂപ പിഴ ഈടാക്കിയതായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് അറിയിച്ചു.
നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്. ബെംഗളൂരുവിലെ തെക്കുകിഴക്കൻ ഡിവിഷനിലാണ് ഏറ്റവും കൂടുതൽ കേസുകളുള്ളതെന്നും ഇവിടുന്ന് മാത്രമായി 13 പേരിൽ നിന്നായി 65,000 രൂപ പിരിച്ചെടുത്തതായും അധികൃതർ അറിയിച്ചു. ജലപ്രതിസന്ധി കണക്കിലെടുത്ത് നഗരത്തിലെ ജനങ്ങളോട് കുടിവെള്ള ഉപയോഗം പരിമിതപ്പെടുത്താൻ ബി.ഡബ്ള്യു.എസ്.എസ്.ബി ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഹോളി ആഘോഷവേളയില്‍, പൂള്‍ പാര്‍ട്ടികള്‍ക്കും മഴയത്തുള്ള നൃത്തങ്ങള്‍ക്കും കാവേരിയും കുഴല്‍ക്കിണറും ഉപയോഗിക്കരുതെന്ന് ബിഡബ്ല്യുഎസ്എസ്ബി നിവാസികള്‍ക്ക് നിര്‍ദ്ദേശം നൽകിയിരുന്നു.
ആദ്യഘട്ടത്തിൽ 5,000 രൂപയാണ് പിഴയെങ്കിലും ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് ഓരോ തവണയും 500 രൂപ അധിക പിഴ ചുമത്താന്‍ ബോര്‍ഡ് തീരുമാനിച്ചു. നഗരത്തിൽ വ്യാപകമായി ബി.ഡബ്ള്യു.എസ്.എസ്.ബി. പരിശോധന നടത്തുന്നുണ്ട്.
Discussion about this post