മലപ്പുറം: മലപ്പുറം കാളികാവ് രണ്ടര വയസുകാരിയുടെ ദുരൂഹ മരണത്തിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ. കാളികാവ് ഉദരംപൊയിൽ സ്വദേശി മുഹമ്മദ് ഫായിസാണ് പിടിയിലായത്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
മുഹമ്മദ് ഫായിസ് -ഷഹ്ബത്ത് ദമ്പതികളുടെ മകളായ ഫാത്തിമ നസ്‌റിനാണ് കഴിഞ്ഞ ദിവസം വൈകിട്ട് മരിച്ചത്. കുഞ്ഞിനെ മുഹമ്മദ് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇതിന് പിന്നാലെ മുൻകരുതലെന്ന നിലയിലാണ് ഫായിസിനെ പൊലീസ് അറസ്റ്റ് ചെയ്തതിരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നസ്‌റിന്റെ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുളളൂവെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് ഫായിസ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പരിശോധനയിൽ കുഞ്ഞിന്റെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചത്.

