ശ്രീനഗർ: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വീണ്ടും വിവാദത്തിലേക്ക്. കത്വ ബലാൽസംഗകേസ് പ്രതികളെ പിന്തുണച്ചതിന് ബിജെപി പുറത്താക്കിയ ചൗധരി ലാൽസിംഗിന് ഉധംപൂരിൽ സീറ്റ് നൽകിയതാണ് വിവാദമാകുന്നത്.
നേരത്തെ ഈ മണ്ഡലത്തിൽ രണ്ടുതവണ എംപി ആയിരുന്ന വ്യക്തിയാണ് ചൗധരി ലാൽസിംഗ്. കത്വ ബലാൽസംഗകേസ് പ്രതികളെ പിന്തുണയ്ക്കുന്ന റാലിയിൽ പങ്കെടുത്തതിന് ബിജെപി ഇയാളെ പുറത്താക്കുകയായിരുന്നു.
നേരത്തെ കോൺഗ്രസ് നേതാവായിരുന്ന ചൗധരി ലാൽസിംഗ് 2014 ലാണ് കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപിയിൽ എത്തിയിരുന്നത്. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിൽ മന്ത്രിയായും ചൗധരി ലാൽസിംഗ് പ്രവർത്തിച്ചിട്ടുണ്ട്.
എന്നാൽ ബലാത്സംഗ കേസ് പ്രതികളെ പിന്തുണച്ചതിന് ബിജെപി പുറത്താക്കിയതോടെ ഇയാൾ ഡോഗ്ര സ്വാഭിമാൻ സംഘടൻ എന്ന സ്വന്തം പാർട്ടി രൂപീകരിക്കുകയായിരുന്നു. എന്നാൽ പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ വമ്പൻ പരാജയം ആയിരുന്നു ഈ പാർട്ടിക്ക് ഉണ്ടായത്.
സ്വന്തമായി രൂപീകരിച്ച പാർട്ടി വൻ പരാജയമായതോടെ ചൗധരി ലാൽ സിംഗ് പിന്നീട് കോൺഗ്രസിലേക്ക് തന്നെ തിരികെ എത്തുകയായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലാൽ സിങ്ങിനെ, അദ്ദേഹത്തിന്റെ ഭാര്യയും മുൻ നിയമസഭാംഗവുമായ കാന്ത അന്ദോത്ര നടത്തുന്ന വിദ്യാഭ്യാസ ട്രസ്റ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
ഇങ്ങനെയുള്ള ഒരാളെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയതിനെ ഗുലാം നബി ആസാദിന്റെ ഡിപിഎപി പാർട്ടി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ അപലപിച്ചു. അതേസമയം ചൗധരി ലാൽ സിങ്ങിനെ പിന്തുണച്ചുകൊണ്ട് കോൺഗ്രസ് നേതാവ് ഷേയ്ഖ് ആമീറും രംഗത്തെത്തി.
Discussion about this post