ന്യൂഡൽഹി: നടിയും ബിജെപി സ്ഥാനാർഥിയുമായ കങ്കണ റണൗട്ടിനെ അപകീർത്തിപ്പെടുത്തുന്ന കോൺഗ്രസ് നേതാക്കളുടെ പോസ്റ്റുകളിൽ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ. ഇത്തരം പെരുമാറ്റങ്ങൾ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാത്തതാണെന്ന് വനിതാ കമ്മിഷൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് വനിതാ കമ്മീഷന്‍ കത്തയച്ചു. കോൺഗ്രസ് നേതാക്കളായ എച്ച്.എസ് ആഹിർ, സുപ്രിയ ശ്രീനേത് എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നാണ് കമ്മിഷന്റെ ആവശ്യം.
ബി.ജെ.പിയുടെ അഞ്ചാം സ്ഥാനാർഥി പട്ടികയിൽ കങ്കണയും ഇടംപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് കങ്കണയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്നാൽ, പോസ്റ്റ് വിവാദമായത്തിന് പിന്നാലെ സുപ്രിയ ശ്രീനേത് പോസ്റ്റ് പിൻവലിച്ചു.
എല്ലാ സ്ത്രീകളും സമൂഹത്തിൽ അന്തസ്സ് അർഹിക്കുന്നുണ്ടെന്ന് സുപ്രിയയ്ക്ക് മറുപടിയായി കങ്കണ എക്സിൽ കുറിച്ചിരുന്നു. കഴിഞ്ഞ 20 വർഷമായി ഒരു കലാകാരിയെന്ന നിലയിൽ ഞാൻ പ്രവർത്തിച്ചുവരികയാണ്. എല്ലാ തരത്തിലുള്ള സ്ത്രീയായും ഞാൻ അഭിനയിച്ചിട്ടുണ്ട്. ക്വീനിലെ നിഷ്കളങ്കയായ പെൺകുട്ടിമുതൽ ധഡകിലെ വശീകരിക്കുന്ന ചാരവൃത്തിനടത്തുന്ന സ്ത്രീവരെ, മണികർണികയിലെ ആരാധനകഥാപാത്രം മുതൽ ചന്ദ്ര മുഖിയിലെ നെഗറ്റീവ് കഥാപാത്രം വരെ, റജ്ജോയിലെ വേശ്യ മുതൽ തലൈവിയിലെ വിപ്ലവാത്മക നേതാവ് വരെയുള്ള കഥാപാത്രങ്ങളെ ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു- കങ്കണ എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.
അതേസമയം, തന്റെ അറിവോടെ അല്ല പോസ്റ്റ് ചെയ്തതെന്നും അക്കൗണ്ട് അക്സസ് ഉള്ളവരാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചതെന്നുമാണ് സുപ്രിയയുടെ വിശദീകരണം. സ്ത്രീകൾക്കെതിരെ അത്തരത്തിൽ ഒരു പരാമർശം നടത്തില്ലെന്ന് തന്നെ അറിയാവുന്നവർക്ക് മനസിലാകുമെന്നും സുപ്രിയ കൂട്ടിച്ചേർത്തു.

