കാസർഗോഡ്: അമ്പലത്തുകരയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. മഡികൈ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ കെ പി നിവേദിനാണ് സഹപാഠികളുടെ മർദനമേറ്റത്. ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നായിരുന്നു മർദ്ദനം. സംഭവത്തിൽ നാല് പേർക്കെതിരെ ഹൊസ്ദുർഗ് കോടതി കേസെടുത്തു.
പ്ലസ് ടു കോമേഴ്‌സ് വിദ്യാർഥിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദിച്ചത്. പരീക്ഷ കഴിഞ്ഞ വീട്ടിലേക്ക് പോകാനായി ബസ് സ്‌റ്റോപ്പിൽ കാത്ത് നിൽക്കുകയായിരുന്നു നിവേദ്. അപ്പോഴാണ് കോമേഴ്‌സ് ഡിപ്പാർട്മെന്റിലെ നാല് വിദ്യാർത്ഥികൾ എത്തി ഹോളി ആഘോഷത്തിൽ പങ്കെടുക്കാൻ നിവേദിനെ നിർബന്ധിച്ചത്. ഇത് നിവേദ് നിഷേധിച്ചതാണ് മർദ്ദനത്തിന് കാരണം. മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർഥിയെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

