തൃശ്ശൂര്‍: വിവാദ പരാമര്‍ശത്തിനെതിരെ നർത്തകി സത്യഭാമയ്ക്ക് എതിരെ പൊലീസില്‍ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ.ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതി. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കി.
മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. കറുത്ത നിറമുള്ളവരെ മോഹിനയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.വിവാദ പരാമർശത്തിന്‍റെ പേരിൽ അതിരൂക്ഷമായ സൈബർ ആക്രമണം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ വ്യക്തമാക്കി. വ്യക്തിമപരമായി മാത്രമല്ല കുടുംബത്തേയും കടന്നാക്രമിക്കുകയാണ്. ആരേയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല പറഞ്ഞ കാര്യങ്ങൾ വ്യാഖ്യാനിച്ചതിലെ പ്രശ്നമാണെന്നുമാണ് എഫ്ബി പോസ്റ്റിൽ സത്യഭാമ വ്യക്തമാക്കുന്നത്. ആർഎൽവി രാമകൃഷ്ണനെതിരായ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നു എന്നായിരുന്നു നേരത്തെ സത്യഭാമയുടെ നിലപാട്

