വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കൃത്യമായി ‘മെയ് ഡേ’ മുന്നറിയിപ്പ് നല്‍കിയതിനാണ് ബൈഡന്‍ ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ചത്. മുന്നറിയിപ്പ് ലഭിച്ചതുകാരണം നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
കപ്പലിന്റെ നിയന്ത്രണം നഷ്ടമായി എന്ന് തിരിച്ചറിഞ്ഞ ഉടന്‍ വിവരം മെറിലാന്‍ഡ് ഗതാഗത വകുപ്പിനെ അറിയിക്കാന്‍ കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് സാധിച്ചു. അതിന്റെ ഫലമായാണ് കപ്പലിടിക്കുന്നതിന് മുമ്പായി പാലം അടയ്ക്കാനും ഗതാഗതം നിര്‍ത്തിവയ്ക്കാനും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞതെന്ന് ജോ ബൈഡന്‍ പറഞ്ഞു. ഇത് നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സഹായിച്ചുവെന്ന കാര്യത്തില്‍ സംശയമില്ലെന്നും ജോ ബൈഡന്‍ കൂട്ടിച്ചേർത്തു.
അതേ സമയം മെറിലാന്‍ഡ് സംസ്ഥാനത്തിന്റെ ഗവര്‍ണറും ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് രംഗത്തെത്തി. കപ്പലിലെ ജീവനക്കാര്‍ കൃത്യസമയത്ത് ‘മെയ് ഡേ’ മുന്നറിയിപ്പ് നല്‍കിയതിനാല്‍ പാലത്തിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ സ്വീകരിക്കാന്‍ കഴിഞ്ഞുവെന്നും കപ്പലിലെ ജീവനക്കാര്‍ നായകന്മാരാണെന്നുമാണ് മെറിലാന്‍ഡ് ഗവര്‍ണര്‍ വെസ് മൂര്‍ പറഞ്ഞത്.
Discussion about this post