കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുൾപ്പെട്ട മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ച് ഇ.ഡി. ഇ.ഡി. കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസിൽ ഇ.ഡി. എൻഫോഴ്സ്മെൻ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. കേസിൽ എസ്.എഫ്.ഐ.ഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആരോപണ വിധേയർക്ക് ഉടൻ നോട്ടിസ് നൽകുമെന്നാണ് വിവരം. കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയെന്ന കേസാണ് അന്വേഷിക്കുന്നത്. നല്‍കാത്ത സേവനത്തിന് ലക്ഷങ്ങള്‍ കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആരോപണം. കൃത്യമായ അന്വേഷണത്തിന്റെ പൂർത്തീകരണത്തിന് ഇഡിയുടെ അന്വേഷണവും ആവശ്യമാണെന്ന് ഷോൺ ജോർജ് പ്രതികരിച്ചു. കൊള്ള നടന്നതാണെന്നും കൃത്യയമായ രേഖകളുണ്ടെന്നും ഷോൺ പറഞ്ഞു. എസ്എഫ്‌ഐഒ അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ എസ്.എഫ്.ഐ.ഒ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇ.ഡി.യും കേസിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ ഇടപാടുകളാണ് എസ്.എഫ്.ഐ.ഒ. സംഘം പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച വിവിധ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
Discussion about this post