ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് യുഎസ് നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. യുഎസ് ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗ്ലോറിയ ബെര്‍ബേനയെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. 40 മിനിറ്റോളം ചര്‍ച്ച നീണ്ടു നിന്നു. മറ്റുരാജ്യങ്ങളുടെ പരമാധികാരവും ആഭ്യന്തര വിഷയവും ബഹുമാനിക്കേണ്ടതുണ്ടെന്നും അനാവശ്യ ഇടപെടലുകൾ അനാരോഗ്യകരമായ പ്രവണതയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.
കെജരിവാളിന്റെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്തകള്‍ നിരീക്ഷിക്കുകയാണെന്നും നീതിപൂര്‍ണവും സുതാര്യവും സമയബന്ധിതവുമായ നിയമ നടപടികള്‍ അരവിന്ദ് കെജരിവാളിനു ലഭിക്കുമെന്നാണു കരുതുന്നതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ഇന്ത്യയുടെ പ്രതികരണം.
കെജരിവാളിന്റെ അറസ്റ്റില്‍ നേരത്തെ ജര്‍മനിയും പ്രതികരിച്ചിരുന്നു. ഇതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ വിദേശകാര്യ മന്ത്രാലയം, ജര്‍മനിയുടെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ഇക്കാര്യം അറിയിച്ചിരുന്നു. മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജരിവാള്‍ ഇഡി കസ്റ്റഡിയിലാണ്.
Discussion about this post