ബെംഗളൂരു: കോലാർ ലോക് സഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കർണാടകയിലെ കോൺഗ്രസ് മന്ത്രിസഭയിൽ വൻ പൊട്ടിത്തെറി. മുൻ കേന്ദ്ര മന്ത്രിയും കർണാടക ഭക്ഷ്യ വകുപ്പ് മന്ത്രിയുമായ കെ എസ് മുനിയപ്പയുടെ മരുമകനെ കോലാർ മണ്ഡലത്തിൽ നിന്നും സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തിനെതിരെയാണ് വലിയ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്.
സിദ്ധരാമയ്യ സർക്കാരിലെ ഒരു മന്ത്രി ഉൾപ്പെടെ 5 എംഎൽഎമാരാണ് കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. ഇവർക്ക് പിന്തുണയുമായി നിയമ നിർമ്മാണ കൗൺസിലിലെ രണ്ട് അംഗങ്ങളും എത്തിയിട്ടുണ്ട്.
കെ എച് മുനിയപ്പയ്ക്ക് ആവശ്യത്തിലധികം പ്രാതിനിധ്യം നൽകുന്നതിനെതിരെയാണ് എംഎൽഎ മാരും എംഎൽസികളും പ്രതിഷേധവുമായി വന്നിട്ടുള്ളത്. കെഎച്മുനിയപ്പയുടെ മകൾ നിലവിൽ കോലാറിലെ കെ ജി എഫിൽ നിന്നുള്ള എം എൽ എ യാണ്, മുനിയപ്പ എംഎൽഎയും മന്ത്രിയുമാണ്, ഇതിനു പുറകെ മരുമകനെയും കൂടെ സ്ഥാനാർത്ഥിയാക്കി മത്സരിച്ച് ജയിപ്പിച്ചെടുക്കാനുള്ള നീക്കത്തിനെതിരെയാണ് വലിയ രീതിയിലുള്ള പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.
തർക്കം പരിഹരിക്കാൻ ഡി കെ ശിവകുമാർ അടക്കം രംഗത്ത് വന്നിട്ടുണ്ടെങ്കിലും, സ്ഥാനാർത്ഥി പ്രഖ്യാപനം പിൻവലിക്കാതെ ഒരടി പിന്നോട്ടില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടു കൂടി വലിയ പ്രതിസന്ധി തന്നെയാണ് കർണാടകയിലെ കോൺഗ്രസ് നേരിടുന്നത്. നിലവിൽ ഹിമാചൽ പ്രാദേശിലടക്കം രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന കോൺഗ്രസ്, കർണാടക കൂടെ കൈവിട്ടു പോവുകയാണെങ്കിൽ വലിയ തിരിച്ചടി തന്നെയായിരിക്കും നേരിടാൻ പോകുന്നത്.

