കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ കൊച്ചി ഇഡി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി. ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ്. എക്സാലോജിക് അടക്കം ഇ.ഡി അന്വേഷണ പരിധിയിൽ വരും.
കുറച്ചുദിവസങ്ങളായി ഇ.ഡി ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് ഇസിഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്ന് എക്‌സാലോജിക് സൊലൂഷൻസ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷണം നടക്കുന്നത്.
മാസപ്പടി കേസിലെ കള്ളപ്പണ ഇടപാട് കൂടി പരിശോധിക്കുന്നതിന് വേണ്ടിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ തുടരന്വേഷണമാകാം എന്ന നിഗമനത്തിലെത്തിയതോടെയാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്. വീണ വിജയന്റെ എക്സാലോജിക് കമ്പനി, സിഎംആർഎൽ, കെഎസ്ഐഡിസി എന്നിവർക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടക്കുക. ഇവരുടെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി പരിശോധിക്കും.
അന്വേഷണത്തിന്റെ ഭാഗമായി എക്സാലോജിക് സൊലൂഷൻസിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എസ്എഫ്ഐഒ പരിശോധിച്ചിരുന്നു. ഈ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നോട്ടിസ് അയച്ചത്. എക്സാലോജിക്കുമായി എന്തുതരം ഇടപാടാണു നടത്തിയതെന്നതാണു നോട്ടിസിലെ പ്രധാന ചോദ്യം. ഉൽപന്നമോ സേവനമോ നൽകിയതിന് എക്സാലോജിക്കുമായി ഏർപ്പെട്ട കരാറിന്റെ പകർപ്പ്, വർക്ക് ഓർഡർ, ഇൻവോയ്സ് എന്നിവയുടെ പകർപ്പ് എന്നിവയെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി, ബന്ധപ്പെട്ട കമ്പനികളിൽനിന്നു രേഖകൾ വിളിച്ചുവരുത്തുന്നതിനുള്ള വകുപ്പ് 217 (2) പ്രകാരമാണ് എസ്എഫ്ഐഒ ചെന്നൈ ഓഫിസിലെ കെ.പ്രഭു നോട്ടിസ് അയച്ചത്.
2016–17 മുതലാണ് എക്സാലോജിക്കിനു ശശിധരൻ കർത്തായുടെ കരിമണൽ കമ്പനി അക്കൗണ്ട് വഴി പണം കൈമാറിയത്. ഐടി അനുബന്ധ സേവനത്തിനാണു പണം നൽകിയതെന്നാണു സിഎംആർഎലിന്റെയും എക്സാലോജിക്കിന്റെയും വാദം. ഈ കാലഘട്ടത്തിൽ പത്തിലധികം സ്ഥാപനങ്ങൾ എക്സാലോജിക്കുമായി വലിയ സാമ്പത്തിക ഇടപാടു നടത്തിയെന്നാണ് അക്കൗണ്ട് പരിശോധിച്ച് എസ്എഫ്ഐഒ കണ്ടെത്തിയത്. മുൻപ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ വിവരശേഖരണത്തിലും ചില സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയിരുന്നു. അന്നു സ്ഥാപന ഉടമകളിൽനിന്നു മൊഴിയെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. ഈ വിവരങ്ങളും എസ്എഫ്ഐഒയ്ക്കു കൈമാറിയിട്ടുണ്ട്.
Discussion about this post