തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക കേരളത്തില്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പിക്കാനാവില്ല. ഏപ്രില്‍ നാലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
കേരളമുള്‍പ്പെടെ രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. കേന്ദ്രസര്‍ക്കാര്‍ പ്രവൃത്തി ദിവസങ്ങളായ മാര്‍ച്ച് 28, 30, ഏപ്രില്‍ 2, 3, 4 തീയതികളില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ അഞ്ചിന് സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി.
ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും അതാത് റിട്ടേണിങ് ഓഫീസര്‍മാര്‍ മുന്‍പാകെയുമാണ് പത്രിക സമര്‍പ്പിക്കേണ്ടത്. സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പരമാവധി അഞ്ചുപേര്‍ക്ക് മാത്രമാണ് റിട്ടേണിംഗ് ഓഫീസറുടെ മുറിയിലേക്ക് പ്രവേശനാനുമതി നല്‍കുക. സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതിനും തുടര്‍ നടപടികള്‍ക്കും എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് എം കൗള്‍ അറിയിച്ചു.
Discussion about this post