കോഴിക്കോട്: പയ്യോളിയിൽ പിതാവും മക്കളും മരിച്ച നിലയിൽ. രണ്ട് പെണ്മക്കളെ വീടിനുള്ളിലും പിതാവിനെ റെയില്‍വെ ട്രാക്കിന് സമീപവുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടോടെയാണ് പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവം വീട്ടില്‍ അറിയിക്കാന്‍ എത്തിയപ്പോഴാണ് മക്കളെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കള്‍ക്ക് വിഷം നല്കി കൊലപ്പെടുത്തിയ ശേഷം സുമേഷ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
അയനിക്കാട് സ്വദേശി സുമേഷിനെയാണ് വീടിന് അടുത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്റെ മക്കളായ ഗോപിക, ജ്യോതിക എന്നിവർ വീട്ടിനുള്ളിൽ മരിച്ച നിലയില്ലാണ് കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സുമേഷിന്റെ ഭാര്യ നാലു വർഷം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തുടര്‍ന്ന് സുമേഷും മക്കളും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.
Discussion about this post