ന്യൂഡൽഹി: നടിയും ബിജെപി സ്ഥാനാർഥിയുമായ കങ്കണ റണൗട്ടിനെതിരെ മോശം പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല. സുപ്രിയ പ്രതീക്ഷിച്ചിരുന്ന ഉത്തർപ്രദേശിലെ മഹാരാജ്‍ഗഞ്ച് സീറ്റിൽ വേറെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. വിരേന്ദ്ര ചൗധരിയാണ് സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചത്.
കോൺഗ്രസിന്റെ സാമൂഹിക മാധ്യമ ചുമതലകളുടെ മേധാവിയായ തനിക്ക് ജോലിയിൽ ശ്രദ്ധിക്കേണ്ടതിനാൽ മത്സരിക്കാനില്ലെന്ന് പാർട്ടിയെ അറിയിക്കുകയായിരുന്നു എന്നാണ് സ്ഥാനാർഥിത്വം നഷ്ടമായതിനോട് സുപ്രിയ പ്രതികരിച്ചത്. താൻ മറ്റൊരാളെ സ്ഥാനാർഥിയായി നിർദേശിച്ചിരുന്നതായും അവർ വ്യക്തമാക്കി.
ഹിമാചലിലെ മാണ്ഡിയിൽ എൻ.ഡി.എ. സ്ഥാനാർഥിയായി കങ്കണ റണൗട്ടിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സുപ്രിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കങ്കണയുടെ ചിത്രം സഹിതമുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ, പോസ്റ്റ് വിവാദമായതോടെ ചിത്രം ഡിലീറ്റ് ചെയ്തു. തുടർന്ന് സുപ്രിയക്ക് മറുപടിയുമായി കങ്കണ രംഗത്തെത്തി. ലൈംഗിക തൊഴിലാളികൾ ഉൾപ്പെടെ എല്ലാ സ്ത്രീകളും സമൂഹത്തിൽ അന്തസ്സ് അർഹിക്കുന്നുണ്ടെന്ന് കങ്കണ പ്രതികരിച്ചു.
അതേസമയം, പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി സുപ്രിയ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ നിരവധി പേർ കൈകാര്യം ചെയ്യുന്നുണ്ടെന്നും അതിലൊരാളാണു പോസ്റ്റ് പങ്കുവച്ചതെന്നുമായിരുന്നു സുപ്രിയയുടെ വിശദീകരണം. സംഭവം അറിഞ്ഞ ഉടൻ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. ഒരു സ്ത്രീക്ക് എതിരെ വ്യക്തിപരമായതോ മാന്യമല്ലാത്തതോ ആയ കമന്റുകൾ നടത്താൻ എനിക്കാവില്ലെന്ന് എന്നെ നന്നായി അറിയാവുന്നവർക്ക് അറിയാമെന്നായിരുന്നു സുപ്രിയ പ്രതികരിച്ചത്.
Discussion about this post