പാലക്കാട്: ആലത്തൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി ഒത്തുതീര്‍പ്പാക്കി മടങ്ങിയതിന് പിന്നാലെയാണ് സ്റ്റേഷനിലേക്ക് തിരിച്ചെത്തി തീകൊളുത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. രാജേഷ് ശല്യപ്പെടുത്തുന്നുവെന്നുള്ള യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇരുവരെയും അന്നേദിവസം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുക്കൂട്ടരുടെയും സമ്മതപ്രകാരം പരാതി ഒത്തുതീര്‍പ്പാക്കിയ ശേഷം സ്റ്റേഷനില്‍നിന്നു പോയി.
പിന്നീട് ഉച്ചയോടെ മണ്ണെണ്ണയില്‍ കുളിച്ച് സ്റ്റേഷനിലേക്ക് തിരികെയെത്തിയ രാജേഷ് ദേഹത്ത് തീ കൊളുത്തുകയായിരുന്നുവെന്ന് ആലത്തൂര്‍ പൊലീസ് പറയുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
Discussion about this post