റിസർവേഷൻ കമ്പാർട്ട്മെന്റിൽ, ജനറൽ ടിക്കറ്റ് എടുത്ത യാത്രക്കാർ തള്ളി കയറുന്നത് പലപ്പോഴും തർക്കങ്ങൾക്കിടയാക്കിയിട്ടുണ്ട് . കഴിഞ്ഞ ദിവസം ഭുജ്– ഷാലിമാര്‍ വീക്കിലി എക്സ്പ്രസിലുണ്ടായ ഇത്തരത്തിലൊരനുഭവം, ഒരു യാത്രക്കാരൻ സാമൂഹ്യ മാധ്യമമായ എക്‌സിൽ പങ്കുവെച്ചതോടെ ഇത് വലിയ ചർച്ചകൾക്കിടയാക്കിയിരിക്കുകയാണ്.
സമഖിയാലി സ്റ്റേഷനില്‍ നിന്നും കൊല്‍ക്കത്തയിലെ ഷാലിമാറിലേക്ക് ടിക്കറ്റെടുത്ത ബാബു ബയ്യ എന്ന യാത്രക്കാരനാണ് ജനറല്‍ ടിക്കറ്റുകാര്‍ക്കെതിരെ എക്‌സിൽ പരാതി ഉന്നയിച്ചത്. ‘ട്രെയിന്‍ അഹമ്മദാബാദ് വിട്ട ഉടനെ ടിക്കറ്റില്ലാത്ത യാത്രക്കാര്‍ ഞങ്ങളുടെ സീറ്റുകള്‍ കയ്യടക്കുകയാണ്’ എന്ന് റെയില്‍വേ സേവ അക്കൗണ്ടിനെ ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. ട്രെയിന്‍ വിവരങ്ങളും റിസര്‍വേഷന്‍ വിശദാംശങ്ങളും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.
യാത്രക്കാരന്റെ വിവരങ്ങൾ അന്വേഷിച്ച റെയിൽ സേവ ഉടനടി വിഷയത്തിൽ ഇടപെട്ടു. ഇതിന് പിന്നാലെ തൊട്ടടുത്ത സ്റ്റേഷനില്‍ നിന്ന് ആര്‍പിഎഫും, ടിടിഇയും എത്തുകയും ടിക്കറ്റില്ലാത്ത യാത്രക്കാരെ മുഴുവൻ പുറത്താക്കുകയൂം ചെയ്തു. നിരവധി പേരാണ് വിഷയത്തിൽ റയിൽവെയെ അനുകൂലിച്ചും, പ്രതികൂലിച്ചും അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നത്.

