കോഴിക്കോട്: പേരാമ്പ്ര അനു കൊലകേസിൽ പ്രതി മുജീബിന്റെ ഭാര്യ അറസ്റ്റിൽ. മുജീബിന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. ഇന്നലെ കൊണ്ടോട്ടിയിലെ വീട്ടിലെത്തിയാണ് റൗഫീനയെ പോലീസ് അറസ്റ്റ് ചെയ്തത്.സ്വർണം വിറ്റ് കിട്ടിയ 1.43 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ റൗഫീനയെ റിമാൻഡ് ചെയ്തു.
സ്വർണാഭരണങ്ങൾ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏൽപ്പിച്ചതായി വെളിപ്പെടുത്തിയത്. ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചിരുന്നു. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ റൗഫീന പണം മാറ്റിയിരുന്നു. ഈ പണമാണ് പൊലീസ് കണ്ടെടുത്തിരിക്കുന്നത്. കൊലപാതകം റൗഫീനയ്ക്ക് അറിയാമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഈ മാസം 11 നാണ് നൊച്ചാട് സ്വദേശി അനുവിനെ തോട്ടിൽ വെച്ച് കൊലപ്പെടുത്തിയത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അർധ നഗ്‌നയായാണ് മൃതദേഹം കിടന്നത്.സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ ഒരാൾ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയതോടെ ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി മുജീബ് റഹ്‌മാൻ പിടിയിലായത്.
Discussion about this post