ന്യൂഡൽഹി: എഐ നിർമിത ഉള്ളടക്കങ്ങൾക്ക് വാട്ടർ മാർക്ക് നിർബന്ധമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എഐയുടെ ദുരുപയോഗം വലിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡീപ് ഫേക്ക് തട്ടിപ്പുകളുടെ തുടക്കകാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും അതിനെ തുടക്കത്തിലെ തടയേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് ബിൽഗേറ്റ്സുമായി നടത്തിയ സംഭാഷണത്തിലാണ് പ്രതികരണം.
‘ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത്, ആർക്കും ഡീപ്ഫേക്ക് ഉപയോഗിക്കാം. ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് നമ്മൾ ബോധവാന്മാരാകേണ്ടതുണ്ട്. അലസത കാരണം എഐയെ ആശ്രയിക്കുകയാണെങ്കിൽ അത് തെറ്റായ പാതയാണ്. ഡിജിറ്റൽ വിഭജനം പാടില്ല. സാങ്കേതിക വിദ്യയിൽ എല്ലാവർക്കും തുല്യ അവസരം നൽകാനാണ് ശ്രമം. ഗ്രാമങ്ങളിലേക്ക് സാങ്കേതികവിദ്യ എത്തിക്കുകയാണ്. ലോകത്തിലെ ഡിജിറ്റൽ വിഭജനത്തെക്കുറിച്ച് കേൾക്കുമ്പോൾ, എന്റെ രാജ്യത്ത് അങ്ങനെയൊന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ലെന്ന് തീരുമാനമെടുത്തിരുന്നു’ എന്ന് നരേന്ദ്ര മോദി പറഞ്ഞു.
എഐ സാങ്കേതികവിദ്യകളെ നല്ലതിന് വേണ്ടി ഉപയോഗിക്കാം. രാജ്യത്തിന്റെ ചിന്താഗതി മാറുകയാണ്. ജി 20 ഉച്ചകോടിയിൽ താൻ നടത്തിയ പ്രസംഗം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ എഐ സാങ്കേതികവിദ്യ സഹായിച്ചിരുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയിൽ പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാൻ സ്ത്രീകൾ കൂടുതൽ താത്പര്യം കാണിക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘നമോ ഡ്രോൺ ദീദി’ പദ്ധതി അവർക്കായി ആരംഭിച്ചത് അതിനാലാണെന്നും. സൈക്കിൾ ഓടിക്കാൻ അറിയാത്തവർ ഇപ്പോൾ പൈലറ്റുമാരാണെന്നും ഡ്രോണുകൾ പറത്താൻ കഴിയുമെന്നും പറയുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
Discussion about this post