കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ചുമലയേറ്റ പുതിയ വൈസ് ചാൻസലർ ഡോ.കെ.എസ്.അനിൽ സിദ്ധാർഥന്റെ വീട്ടിലെത്തി മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സർവകലാശാലയുടെ ഭാഗത്തുനിന്ന് എല്ലാവിധ സഹകരണങ്ങളും ഉണ്ടാവുമെന്ന് വിസി ഉറപ്പു നൽകി. കഴിഞ്ഞ ദിവസം ഗവർണർ അന്വേഷണ കമ്മിഷനെ നിയമിച്ചിട്ടുണ്ട്. ഇവരുമായും സർവകലാശാല അധികൃതർ സഹകരിക്കുമെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് കെ.എസ്.അനിലിനെ ഗവർണർ വിസിയായി നിയമിച്ചത്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട ഇടപെടലുകളിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് നേരത്തെ നിയമിച്ച ഡോ.ശശീന്ദ്രനാഥിനെ വിസി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. സിദ്ധാർഥന്റെ മരണ സമയത്ത് ഉണ്ടായിരുന്ന വിസി, ഡീൻ എന്നിവർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യമുൾപ്പെടെ അന്വേഷണ കമ്മിഷൻ പരിശോധിക്കും.
ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദാണ് ഗവർണർ നിയമിച്ച കമ്മിഷനെ നയിക്കുന്നത്. വയനാട് മുൻ ഡിവൈഎസ്പി വി.ജി.കുഞ്ഞൻ അന്വേഷണത്തിൽ കമ്മിഷനെ സഹായിക്കും. 3 മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് ചാൻസലർ കൂടിയായ ഗവർണർക്കു നൽകണം. വിദ്യാർഥിയുടെ മരണത്തെ തുടർന്ന് സർവകലാശാല സ്വീകരിച്ച നടപടികളിലും ക്യാംപസിലെ അക്രമം, റാഗിങ് എന്നിവയെക്കുറിച്ചും വിശദമായ അന്വേഷണമുണ്ടാകും.
Discussion about this post