ന്യൂഡൽഹി: അരുണാചൽ പ്രദേശിനെ ചൊല്ലിയുളള വിഷയത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി ഇന്ത്യ. ചൈനയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഇന്ത്യ ആവർത്തിച്ചു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാച്യ ഘടകമാണെന്നും ചൈനയുടെ അവകാശ വാദങ്ങൾക്കിടയിലും ഇതാണ് സത്യമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ ആവർത്തിച്ച് പറഞ്ഞു. അടുത്തിടെ ഇക്കാര്യത്തിൽ പ്രസ്താവന ഇറക്കിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെത്തുടർന്നാണ് അരുണാചൽ പ്രദേശിനെ ചൈനയുടെ അന്തർലീനമായ ഭാഗം എന്ന് ചൈന പരാമർശിച്ചത്. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താ സമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്. “അരുണാചൽ പ്രദേശിലെ ഈ വിഷയത്തിൽ ഞങ്ങളുടെ നിലപാട് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെയും ഞങ്ങൾ ഇക്കാര്യത്തിൽ പ്രസ്താവന ഇറക്കി. അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ചൈന എത്ര തവണ വേണമെങ്കിലും ആവർത്തിച്ചേക്കാം, പക്ഷേ അത് നടക്കില്ല. ഞങ്ങളുടെ നിലപാട് മാറ്റുക, അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമായി എന്നും നിലനിൽക്കും,” അദ്ദേഹം പറഞ്ഞു.
അതേ സമയം, അരുണാചൽ പ്രാദേശിനെക്കുറിച്ചുള്ള ചൈനയുടെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ പരിഹാസ്യമാണെന്നും ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങൾ ഇന്ത്യയുടെ തന്നെ ഭാഗമാണെന്നും വിദേശകാര്യ മന്ത്രി ജയ്‌ശങ്കർ പ്രതികരിച്ചു. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post