ഇസ്ലാമാബാദ്: പാകിസ്താനിൽ അച്ഛനും സഹോദരനും ചേർന്ന് ഇരുപതിരണ്ട് കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. പാകിസ്ഥാൻ പ്രവിശ്യയായ പഞ്ചാബിലെ തോബ ടെക് സിംഗിലാണ് സംഭവം. മരിയ എന്ന യുവതിയെയാണ് സഹോദരൻ ഫൈസലും പിതാവ് അബ്ദുൾ സത്താറും കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മാർച്ച് 17 നും 18 നും ഇടയിലാണ് സംഭവം നടന്നത്. സഹോദരൻ ഫൈസലും പിതാവ് അബ്ദുൾ സത്താറും മരിയയെ പീഡിപ്പിച്ചിരുന്നു. മരിയ ഗർഭിണിയായതോടെയാണ് ഇരുവരും കൊലപതാകം ആസൂത്രണം ചെയ്തതെന്ന് ഡിപിഒ ഇബാദത്ത് നിസാർ പറഞ്ഞു. കൊലപാതക ശേഷം മരിയയുടെ മൃതദേഹം പ്രതികൾ കുഴിച്ചിടുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ക്രൂരത പുറത്തറിയുന്നത്.
ഫൈസലിൻ്റെ സഹോദരനാണ് വീഡിയോ പകർത്തിയതും സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിക്കുകയും ചെയ്തത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ തന്നെയും മക്കളെയും കൊല്ലുമെന്ന് ഫൈസൽ ഭീഷണിപ്പെടുത്തിയതായി ഫൈസലിൻ്റെ സഹോദരൻ്റെ ഭാര്യ വെളിപ്പെടുത്തി. മരിയയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി പഞ്ചാബ് ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

