തിരൂർ: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമം വഴി പ്രചാരണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം മുണ്ടുവളപ്പിൽ ഷറഫുദ്ദീനാണ് അറസ്റ്റിലായത്. മാർച്ച് 25ന് അർധരാത്രി മുതൽ രാജ്യത്ത് മൂന്നാഴ്ച കാലത്തേക്ക് ലോക്ഡൗൺ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീൻ തയാറാക്കുമെന്നുമാണ് ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. കൂടാതെ, ഇതിനു ശേഷം അരവിന്ദ് കെജ്‍രിവാളിന് ജാമ്യം ലഭിക്കുമെന്നും പോസ്റ്റിൽ പറയുന്നു.
സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിച്ചുവരുന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ ഡോമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെ കുറിച്ച് പൊലീസിന്റെ സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാമെന്നും ഡിജിപി അറിയിച്ചിരുന്നു.
Discussion about this post