പാലക്കാട്: കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല് കാട്ടുപന്നി കടിച്ചുമുറിച്ചു. തത്ത എന്ന സ്ത്രീയുടെ കാലാണ് കാട്ടുപന്നി കടിച്ചുമുറിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ആശങ്കാജനകമാണെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെയാണ് സംഭവം. വീടിന് പിറകുവശത്ത് കരിയിലകള്‍ അടിച്ചുകൂട്ടുന്നതിനിടെ കാട്ടുപന്നി ഇവരുടെ മേലേക്ക് ചാടിവീഴുകയായിരുന്നു. കുതറിമാറാൻ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു. ഏറെ നേരം കടിച്ചുപിടിച്ച ശേഷം മാത്രമാണ് പന്നി തത്തയെ വിട്ടത്. അപ്പോഴേക്ക് കാല്‍മുട്ടിനും കണങ്കാലിനുമിടയിലായി വലിയ ഒരു ഭാഗം മാംസം നഷ്ടപ്പെട്ടിരുന്നു. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കുടുംബത്തിന്റെ ഏക അത്താണിയായ തത്ത തൊഴിലുറപ്പ് തൊഴിലാളിയാണ്. സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന ഇവരുടെ കുടുംബം
എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. പതിവായി കാട്ടുപന്നി ആക്രമണം നടക്കുന്നൊരു പ്രദേശമാണ് ഇത്. പലതവണ ഈ പ്രശ്നമുന്നയിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല.
Discussion about this post